കാസർഗോഡ് ജില്ലയിൽ കെഎം ഷാജിയെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. വിജയസാധ്യത ഉള്ള ജില്ലക്കാരനായ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചു. അഴീക്കോട് മത്സരിക്കാനാണ് താല്പര്യമെന്നും കാസർഗോഡ് മത്സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപെട്ടിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെയാണ് കാസർഗോഡ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പാണക്കാടെത്തിയത്. ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, പ്രസിഡന്റ് ടി അബ്ദുല്ല, ട്രെഷറർ മായിൻ ഹാജി, കാസർകോട് മണ്ഡലം സിറ്റിംഗ് എംഎൽഎ എൻഎ നെല്ലിക്കുന്ന് തുടങ്ങിയവരാണ് പണക്കാടെത്തി ഹൈദരലി തങ്ങളെ സന്ദർശിച്ചത്. കാസർകോട് മണ്ഡലത്തിൽ കെഎം ഷാജി മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ജില്ലാ ഭാരവാഹികളുടെ സന്ദർശനം. കാസർഗോഡ് മണ്ഡലത്തിൽ ജില്ലക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികളെ അനുവദിക്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സന്ദർശനത്തിനു ശേഷം ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു.

അതേസമയം അഴീക്കോട് മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ തയ്യാറാണെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് നിന്നും മാറി നിൽക്കുമെന്നും കെഎം ഷാജി പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനായി മുസ്ലിം ലീഗ് നേതൃയോഗം ചേരാനിരിക്കെയാണ് ലീഗിനകത്തെ പുതിയ പടലപിണക്കങ്ങൾ.