ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലോചിത പരിഷ്കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കെന്തരാബാദിലെ ഡിഫൻസ് മാനേജ്‌മെന്റ് കോളേജ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യൻ സൈന്യമാണ്. ചൈനയും, പാകിസ്താനും ഉയർത്തുന്ന ഭീഷണികളെ നേരിടാൻ സൈന്യം തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലെ മുന്നേറ്റം യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ആയുധങ്ങളും പുതിയ തന്ത്രങ്ങളുമാണ് ഇന്ന് അവലംബിക്കുന്നത്. പ്രതിരോധ തന്ത്രങ്ങളിൽ ഇന്ത്യയും കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സൈന്യം അത്യാധുനിക ആയുധ ശേഷിയുള്ള വലിയ സേനയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.