ഹാഗിയ സോഫിയ വിഷയത്തിൽ താൻ തെറ്റിദ്ധരിക്കപ്പടുകയിരുന്നു എന്ന വാദവുമായി സാദിഖ് അലി ശിഹാബ് തങ്ങൾ ഏഴുമാസങ്ങൾക്കിപ്പുറം വീണ്ടും ഒരിക്കൽക്കൂടി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. “അയാസോഫിയയിലെ ജുമുഅ” എന്നപേരിൽ 2020 ജൂലൈ ഇരുപത്തൊന്നിന് ചന്ദ്രികയിൽ ശ്രീ സാദിഖ് അലി എഴുതിയ ലേഖനം ആ നാളുകളിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പതിവില്ലാത്തവിധം ഹാഗിയ സോഫിയ വിഷയം മലയാളികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ലേഖനം ചന്ദ്രികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം മനോരമ പുറത്തുവിട്ട ഇന്റർവ്യൂവിൽ സാദിഖ് അലി, താൻ അന്ന് എഴുതിയതിനെയും അന്നത്തെ നിലപാടിനെയും പൂർണ്ണമായും ന്യായീകരിക്കുകയും താൻ എഴുതിയത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ, അന്ന് സാദിഖ് അലി പറഞ്ഞതെന്താണെന്നും, വാസ്തവങ്ങൾ മനസിലാക്കിയ മതേതരസമൂഹവും ക്രൈസ്തവരും എന്തുകൊണ്ട് അതിനെ എതിർത്തുവെന്നും, ഇപ്പോൾ സാദിഖ് അലി പറയുന്നതിലെ പാളിച്ചകൾ എന്തൊക്കെയാണെന്നും വിശദമാക്കേണ്ടതുണ്ട്.

ആമുഖമായി വ്യക്തമാക്കേണ്ട മറ്റൊന്നുണ്ട്. ഹാഗിയ സോഫിയ വിഷയം കേരളത്തിൽ ചർച്ചയായത് എന്തുകൊണ്ടാണ് എന്ന ചോദ്യം പലപ്പോഴായി ഉയരുകയും പലരീതിയിലുള്ള വിശദീകരണങ്ങൾ ചർച്ചചെയ്യപ്പെടുകയുമുണ്ടായിരുന്നു.

ലോകത്തിലേക്കും വച്ച് ഏറ്റവും പഴക്കംചെന്ന ക്രൈസ്തവ ദേവാലയം എന്ന നിലയ്ക്ക് ആഗോള ക്രൈസ്തവർക്ക് പ്രത്യേകമായ ഒരു വികാരം ഹാഗിയ സോഫിയയോട് ഉണ്ടാവുക സ്വാഭാവികം. എന്നാൽ അതിനപ്പുറം, ഇതുപോലെ ചരിത്രമുറങ്ങിക്കിടക്കുന്ന വലിയൊരു സ്മാരകത്തെ കടന്നുകയറ്റങ്ങളുടെയും യുദ്ധങ്ങളുടെയും പിടിച്ചെടുക്കലുകളുടെയും കാലത്തെ നീതീകരണ വാദഗതികൾ ഉന്നയിച്ചുകൊണ്ട് മതവൽക്കരിക്കാനുള്ള ഗൂഢ ശ്രമത്തെ ആഗോള മതേതര സമൂഹം എതിർത്തതിന്റെ അലയൊലികളാണ് കേരളത്തിലും പ്രധാനമായി പ്രത്യക്ഷമായത്.

ലോകം ഏകാധിപത്യ ഭരണങ്ങളിൽനിന്ന് ജനാധിപത്യ സ്വഭാവത്തിലേക്ക് വഴിമാറിയ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല ഇത്തരം അധിനിവേശങ്ങൾ. അത്, ഒരു പ്രത്യേക മതം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ പിന്തുടർന്ന് പോരുന്ന നിലപാടുകളുടെ തനിയാവർത്തനംകൂടിയാകുമ്പോൾ രാഷ്ട്രീയം മൗലികവാദങ്ങൾക്കും വർഗ്ഗീയ ചിന്തകൾക്കും അതീതമാകണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നതാണ് വാസ്തവം. പലരീതിയിൽ ഇന്നത്തെ ലോകത്തിലും അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ ഗൂഢ തന്ത്രങ്ങളുടെ തുടർച്ചയായാണ് ചിന്താശേഷിയുള്ള അനേകർ ഹാഗിയ സോഫിയ വിഷയത്തിലെ തുർക്കിയുടെ നിലപാടിനെ വിലയിരുത്തിയത്.

ആഗോളതലത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതികളുള്ള ഭരണകൂടങ്ങളും മത – രാഷ്ട്ര നേതൃത്വങ്ങളും പിന്തുടർന്നുപോരുന്ന ഇത്തരം നിലപാടുകളെ ചന്ദ്രികയിലെ ലേഖനത്തിലൂടെ വ്യക്തമായി പിന്തുണച്ചെങ്കിലും, ഇലക്ഷനടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തന്റെ ക്രൈസ്തവ വിരുദ്ധ, മതേതരത്വ വിരുദ്ധ നിലപാടുകളെ വെള്ളപൂശാൻ ശ്രമിക്കുകയാണ് സാദിഖ് അലി തങ്ങൾ എന്ന് വ്യക്തം. അന്ന് താൻ പറഞ്ഞതിനെതിരെ പ്രതികരണങ്ങൾ ഉയർന്നത് സോഷ്യൽമീഡിയയിൽ മാത്രമാണെന്ന് തങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ, അന്ന് ഏതാണ്ട് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യുകയും ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ തുടങ്ങിയ മുതിർന്ന ലീഗ് നേതാക്കൾ പോലും പലപ്പോഴായി സാദിഖ് അലിയെയും അദ്ദേഹം പറഞ്ഞതിനെയും തള്ളിപ്പറയുകയും ഉണ്ടായതാണ്.

തനിക്കറിയാവുന്ന ചരിത്രം മാത്രമാണ് ആ ലേഖനത്തിൽ ഉണ്ടായിരുന്നതെന്നും, ക്രൈസ്തവരെ അധിക്ഷേപിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ന് അദ്ദേഹം പറയുന്നു. എന്നാൽ, വാസ്തവവിരുദ്ധമായ ഏറെ ആശയങ്ങൾ കുത്തിനിറച്ച ആ ലേഖനത്തിൽ പ്രത്യക്ഷത്തിൽ തന്നെ പല തെറ്റുകളും കാണാൻ കഴിയും. പലപ്പോഴായി നിരവധി ലേഖനങ്ങളിലൂടെ ഒട്ടേറെപ്പേർ പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടും, കത്തോലിക്കാസഭയും മതേതര സമൂഹവും പ്രതികരിച്ചിട്ടും തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായാണ് അന്ന് സാദിഖ് അലി വ്യക്തമാക്കിയത്.