തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാർക്ക് ഇത്തവണ സീറ്റില്ല. ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, സി.രവീന്ദ്രനാഥ് എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കു‌മെന്നാണ് സൂചന.

രണ്ട് ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎൽഎമാർക്കും ഇതു നിർബന്ധമാക്കും. രാജു എബ്രഹാം. എ.പ്രദീപ്കുമാറിനും സീറ്റില്ല. ആർക്കൊക്കെ ഇളവു നൽകണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും.

ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരിൽ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയാണ് പാർട്ടി പരിഗണിക്കുന്നത്. മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശൈലജയ്ക്ക് കണ്ണൂർ ജില്ലയിൽ സുരക്ഷിത മണ്ഡലമൊരുക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര കമ്മിറ്റി അംഗത്തെ മട്ടന്നൂരിൽ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം നൽകിയത്.