മുറ്റത്തെ മാവിന്‍ ചുവട്ടില്‍
മുത്തശ്ശിയോടൊത്തന്ന്
കഥകള്‍ കേട്ടീടുമ്പോള്‍
ജാതികളെന്താന്നറിയാതെ
വര്‍ണ്ണങ്ങളെന്താന്നറിയാതെ
എത്തിയെന്‍ മിത്രം വേലപ്പനന്ന്
തത്തി കളിക്കും മാടത്തപോല
തുള്ളി കളിച്ചവന്‍ തിണ്ണയിലിരുന്ന്

കണ്ടതാ മുത്തശ്ശി പാഞ്ഞവന്‍ ചാരെ
ചൊല്ലി തന്‍ ഗര്‍വിനാല്‍
മാന്യരെ കണ്ടാലറിയാത്ത ധിക്കാര പുത്രാ
മാന്യതയെന്തെന്ന് നിനക്കറിയില്ലയോ ?
ഞാനതാ മുറ്റത്തിരിക്കുമ്പോള്‍
തിണ്ണയില്‍ കയറുവാന്‍ യോഗ്യതയെന്തടാ
താഴത്തെ പറമ്പിലെ അച്യുതന്‍ വേലന്റെ
സന്തതിയല്ലയോ നീ

കണ്ണുകളടച്ചിരുന്നു പയ്യനാ നിമിഷമെങ്കിലും
കണ്ണുനീര്‍ തുള്ളികള്‍ പൊട്ടിയൊഴുകി
കുന്നിന്‍ ചെരുവിലന്തിയുറങ്ങും മനുഷ്യനെ
തട്ടിയിട്ടൊഴുകും ഉരുള്‍പൊട്ടല്‍പോലെ
പിണങ്ങി ഞാനന്നെന്‍ മുത്തശ്ശിയോട്
ഒപ്പി ഞാനവന്‍ നയനങ്ങളെങ്കിലും
പൊട്ടിയ പാറകള്‍ കൂട്ടുവാനാകുമോ
വേലപ്പന്‍ ഒരുനാള്‍ പ്രഥമപൗരനായി
ഭാരതനായകനായി
ഈശ്വരന്‍ ചിരിക്കുന്നു
ഭാരതം തിളങ്ങുന്നു.