ഡാലസ് ∙ മാർച്ച് 3 ചൊവ്വാഴ്ച ഡാലസ് കൗണ്ടിയിൽ കോവിഡ് 19 ബാധിച്ച് 25 പേർ മരിച്ചതോടെ ആകെ കൗണ്ടിയിൽ മരിച്ചവരുടെ സംഖ്യ 3,000 കവിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കൗണ്ടിയിൽ 526 കോവിഡ് കേസ്സുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,46,310 ഉം മരണം 3018 ഉം ആയി ഉയർന്നിട്ടുണ്ട്.

അതേസമയം, ടെക്സസ് സംസ്ഥാനത്തെ മാസ്ക്ക് മാൻഡേറ്റ് മാർച്ച് 10 മുതൽ ഒഴിവാക്കികൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നിർഭാഗ്യകരമാണെന്നു കൗണ്ടി ജഡ്ജി ക്ലെ ഇൻങ്കിൻസ് പറഞ്ഞു.

ഗവർണർ എന്തു പറയുന്നു എന്നുള്ളതല്ലാ ആരോഗ്യവകുപ്പ് വിദഗ്ദർ എന്തുപറയുന്നുവെന്നതിനാണു നോർത്ത് ടെക്സസിലെ ജനങ്ങൾ മുൻഗണന നൽകേണ്ടതെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഡാലസ് കൗണ്ടിയിലെ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോകുന്നവർ മാസ്ക്ക് ധരിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാലസ് കൗണ്ടിയുടെ തൊട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയിൽ ചൊവ്വാഴ്ച 14 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2897 ആയി. ടെക്സസ് ഗവർണറുടെ പുതിയ ഉത്തരവ് മാർച്ച് 10 മുതൽ നിലവിൽ വരുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഡാലസ് കൗണ്ടിയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാർ പ്രകടിപ്പിച്ചത്. മാസ്ക്ക് മാറ്റേണ്ട സമയമായിട്ടില്ലെന്നും അങ്ങനെ സംഭവിച്ചാൽ മറ്റൊരു വ്യാപനം കൂടി ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.