ചരിത്രം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം  ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മാധ്യമങ്ങളുടെ പ്രധാനശ്രദ്ധാകേന്ദ്രമായി രാജ്യം മാറുന്നു. തലസ്ഥാന നഗരമായ ബാഗ്ദാദിനും പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മനാടായ ‘ഉര്‍’നും പുറമേ ക്വാരഘോഷ്, മൊസൂള്‍, ഇര്‍ബില്‍ എന്നീ ക്രൈസ്തവ രക്തസാക്ഷികളുടെ നഗരങ്ങളും പാപ്പ സന്ദര്‍ശിക്കുമെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രത്യേകത. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 2) വത്തിക്കാന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പാപ്പ സന്ദര്‍ശിക്കുവാന്‍ പോകുന്ന ഇറാഖിന്റെ നേര്‍ച്ചിത്രം വിവരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

പുരാതന മെസപ്പോട്ടോമിയന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ഇറാഖില്‍ സഭയുടെ ആരംഭം മുതല്‍ക്കേ തന്നെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നു. കല്‍ദായ, സിറിയന്‍, അര്‍മേനിയന്‍, ലാറ്റിന്‍, മെല്‍ക്കൈറ്റ്, റോമന്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ നിലനില്‍ക്കുന്ന ഇറാഖിലെ ക്രിസ്തുമതം. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ അധിനിവേശം ആരംഭിച്ചത് മുതലാണ് ഇറാഖി ക്രൈസ്തവരുടെ ദുരന്തദിനങ്ങള്‍ ആരംഭിക്കുന്നത്.

ആയിരത്തിന് മുകളില്‍ ക്രൈസ്തവരാണ് യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഇവിടെ കൊല്ലപ്പെട്ടത്. രാജ്യത്തെ അധിനിവേശത്തിലൂടെ കീഴ്പ്പെടുത്തിയ ഐ‌എസ് ഇറാഖില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കുകയായിരിന്നു. ഇതേതുടര്‍ന്നു ക്രിസ്ത്യാനികളെ അവിശ്വാസികളായും ശത്രുക്കളായുമാണ് പരിഗണിച്ചിരുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ കൂട്ടത്തോടെ തകര്‍ത്തതും, പലായനം ചെയ്യാതെ ഇറാഖില്‍ തുടര്‍ന്ന ക്രിസ്ത്യാനികളെ നിര്‍ബന്ധിത മതപരിവര്‍ത്തത്തിനു വിധേയമാക്കുകയും, അടിമകളാക്കുകയും ചെയ്തതും ഐ‌എസ് അഴിച്ചുവിട്ട പീഡനത്തിന്റെ നേര്‍ചിത്രമായി. നീണ്ട യുദ്ധത്തിനൊടുവില്‍ 2017-ലാണ് ജിഹാദി അധിനിവേശം അവസാനിച്ചത്.

2003-ലെ അന്താരാഷ്ട്ര സൈനീക നടപടിക്ക് മുന്‍പ് ജനസംഖ്യയുടെ 6% (14 ലക്ഷം) ക്രൈസ്തവര്‍ ഉണ്ടായിരിന്നെങ്കില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് 4,00,000 ക്രൈസ്തവര്‍ മാത്രമാണ് നിലവില്‍ ഇറാഖിലുള്ളത്. വത്തിക്കാന്‍ പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2003നും 2015നും ഇടയില്‍ ആയിരത്തിഇരുനൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, 62 ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും, ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച് 5,90,000 കത്തോലിക്കരാണ് ഇറാഖിലുള്ളത്.

17 സഭാ മേഖലകളും, 122 ഇടവകകളും, 12 പാസ്റ്ററല്‍ കേന്ദ്രങ്ങളിലുമായി 19 മെത്രാന്മാരും 153 വൈദികരും, 20 സ്ഥിര ഡീക്കന്മാരും, 8 വൈദികരല്ലാത്ത സന്യാസികളും, 365 സന്യാസിനികളും, 4 അത്മായ മിഷ്ണറിമാരും ദൈവവേല ചെയ്തു വരുന്നു. 32 മേജര്‍ സെമിനാരികളും 11 മൈനര്‍ സെമിനാരികളും, 55 പ്രീ പ്രൈമറി സ്കൂളുകളും, 4 മിഡില്‍ സെക്കണ്ടറി സ്കൂളുകളും, സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ 9 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇറാഖിലെ കത്തോലിക്ക സഭക്കുണ്ട്. സാമ്പത്തിക ഞെരുക്കവും, തൊഴിലില്ലായ്മയും, പകര്‍ച്ചവ്യാധിയും, അഴിമതിയും കൊടികുത്തി വാഴുന്ന ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇറാഖി ജനത നോക്കിക്കാണുന്നത്. നാളെ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന അപ്പസ്തോലിക സന്ദര്‍ശനം എട്ടുവരെ നീളും.