വാളയാര്‍ കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ സിബിഐ ഇന്ന് അന്തിമ തീരുമാനം അറിയിച്ചേക്കും. നേരത്തെ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഈ വിജ്ഞാപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുമാണ് കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പറുകള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനമിറക്കിയെന്നും ഇനി സിബിഐയും കേന്ദ്ര സര്‍ക്കാരുമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണാണ് ഹര്‍ജി പരിഗണിക്കുന്നത്