യുഡിഎഫില്‍ കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍ എം പിയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ആര്‍എംപി ജനറല്‍ സെക്രട്ടറി എന്‍ വേണുവാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുക.

കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. വേണുവും സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലാമലയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തട്ടകം ആര്‍എംപിക്ക് നല്‍കുകയെന്ന ലക്ഷ്യത്തിലായിരുന്നു മറ്റ് നേതാക്കള്‍. ശേഷം മുല്ലപ്പള്ളിയും ഇതിന് വഴങ്ങിയെന്നും വിവരം. ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമ മത്സരിക്കാന്‍ തയാറല്ലെന്ന് അറിയിച്ചതിന് ശേഷമാണ് വേണുവിനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.