റോം: വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിലും ഫ്രാൻസിസ് പാപ്പ നടത്തുന്ന ഇറാഖ് പര്യടനം സുപ്രധാനമാണെന്നും പാപ്പയുടെ പര്യടനത്തെ താൻ പ്രാർത്ഥനയിൽ അനുഗമിക്കുമെന്നും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽനിന്ന് സ്ഥാനത്യാഗം ചെയ്തതിന്റെ എട്ടാം വർഷത്തിൽ ഇറ്റാലിയൻ മാധ്യമമായ ‘കൊറിയേരെ ഡെല്ലെ സേറ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാഖിലെ പേപ്പൽ പര്യടനത്തിന്റെ പ്രസക്തിയെകുറിച്ച് ബെനഡിക്ട് 16-ാമൻ പങ്കുവെച്ചത്.

‘ഈ പര്യടനം വളരെയേറെ പ്രധാന്യം അർഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, സുരക്ഷാ പ്രശ്‌നങ്ങളും കൊറോണാ വ്യാപനവുംമൂലം പ്രയാസമേറിയ സമയമാണിത്. അതുകൊണ്ടുതന്നെ അപകടകരമായ പര്യടനവുമാണിത്. മാത്രമല്ല, അസ്ഥിരമായ സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. ഞാൻ പ്രാർത്ഥനയിലൂടെ ഫ്രാൻസിസ് പാപ്പയെ പര്യടനത്തിൽ അനുഗമിക്കും,’ ബെനഡിക്ട് 16-ാമൻ വ്യക്തമാക്കി. മാർച്ച് അഞ്ചു മുതൽ എട്ടുവരെയാണ് ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് പര്യടനം.

ബെനഡിക്ട് 16-ാമൻ സൂചിപ്പിച്ചതുപോലെ, സുരക്ഷാ പ്രശ്‌നങ്ങളുടെയും കോവിഡ് മാഹാമാരിയുടെ രണ്ടാം തരംഗത്തിന്റെയും ഭീഷണിയിലാണ് ഇറാഖ്. കർഫ്യൂകളും ലോക്ഡൗണുകളും പ്രഖ്യാപിക്കപ്പെട്ട സാഹചര്യവുമാണ്. എങ്കിലും മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം സഫലമാക്കി ഫ്രാൻസിസ് പാപ്പ ഇവിടെ പര്യടനം നടത്തുമ്പോൾ, ഇറാഖിലെത്തുന്ന ആദ്യത്തെ ആഗോള സഭാ അധ്യക്ഷൻകൂടിയായി മാറും ഫ്രാൻസിസ് പാപ്പ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1999ൽ ഇറാഖിൽ പര്യടനം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ അതിന് തടയിടുകയായിരുന്നു.

ഇറ്റാലിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ, തന്റെ സ്ഥാനത്യാഗം പൂർണ ബോധ്യത്തോടെയുള്ളതായിരുന്നു എന്നും ബെനഡിക്ട് 16-ാമൻ വ്യക്തമാക്കി: ‘പ്രയാസകരമായിരുന്നു എങ്കിലും അത് ഉത്തമബോധ്യത്തോടെയുള്ള തീരുമാനമായിരുന്നു. ഉചിതമായ സമയത്ത് ആ തീരുമാനം കൈക്കൊണ്ടു എന്നാണ് എന്റെ ചിന്ത. ചില സുഹൃത്തുക്കൾക്ക് എന്റെ തീരുമാനത്തോട് യോചിക്കാനായില്ല. അതേക്കുറിച്ച് അവർക്ക് ദേഷ്യവുമുണ്ടായിരുന്നു,’ തന്റെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘ഗൂഢാലോചനകളെ’കുറിച്ച് പരാമർശിച്ച അദ്ദേഹം, തന്റെ തീരുമാനം ഉത്തമ ബോധ്യത്തോടെ ഉള്ളതായിരുന്നുവെന്നും ആവർത്തിച്ചു. 2013 ഫെബ്രുവരി 28നാണ് 86 വയസുകാരനായിരുന്ന ബെനഡിക്ട് 16-ാമൻ സ്ഥാനത്യാഗം ചെയ്തത്.