മസ്​തിഷ്​കത്തെ ഇനിയും മരുന്ന്​ കണ്ടുപിടിക്കാനാവാത്ത ദീര്‍ഘകാല രോഗങ്ങളിലേക്ക്​ വലിച്ചിഴക്കാന്‍ ചില കളികള്‍ക്ക്​ ശേഷിയുണ്ടോ? മസ്​തിഷ്​കത്തിനേല്‍ക്കുന്ന ദീര്‍ഘകാല പരിക്കുകളും കളിയും തമ്മിലെ ബന്ധം അന്വേഷിക്കാന്‍ ബ്രിട്ടീഷ്​ പാര്‍ലമെന്‍റ്​ തീരുമാനമെടുത്തിരിക്കുകയാണ്​.
1996ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ്​ ചാമ്ബ്യന്മാരാക്കിയ സംഘത്തിലെ അഞ്ചാമത്തെ അംഗമായി സര്‍ ബോബി ചാള്‍ട്ടണ്‍ കഴിഞ്ഞ വര്‍ഷം മറവി രോഗത്തിന്​ അടിമയായിരുന്നു. ഫുട്​ബാളിനെക്കാളേറെ തടിമിടുക്ക്​ പ്രധാനമായ റഗ്​ബിയിലും സമാന പ്രശ്​നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നുണ്ട്​.
ഈ പശ്​ചാത്തലത്തിലാണ്​ അന്വേഷണം ആരംഭിക്കുന്നത്​. മാര്‍ച്ച്‌​ ഒമ്ബതു മുതലാകും അന്വേഷണം. ശാസ്​ത്രീയ തെളിവുകള്‍, കളിക്കാരുടെയും ബന്ധപ്പെട്ട സമിതികളുടെയും മൊഴികള്‍ എന്നിവ പരിശോധിച്ചാകും തീര്‍പ്പിലെത്തുക. നിലവില്‍ നിയമനടപടികള്‍ പുരോഗമിക്കുന്ന കേസുകള്‍ ഇതില്‍ പരിഗണനക്കെടുക്കില്ല.
ഫുട്​ബാള്‍, റഗ്​ബി എന്നീ മേഖലകളിലുള്ള താരങ്ങള്‍ക്ക്​ മസ്​തിഷ്​ക രോഗങ്ങള്‍ വരാന്‍ സാധ്യത തെളിയുന്ന പക്ഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്നു കൂടി സമിതി പരിശോധിക്കും.
2019ല്‍ നടന്ന പഠനത്തില്‍ ഫുട്​ബാള്‍ താരങ്ങള്‍ നാഡീവ്യവസ്​ഥ തളര്‍ന്നുപോകുന്ന രോഗങ്ങള്‍ക്ക്​ കൂടുതലായി അടിമപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ്​ മുന്‍ സ്​കോട്​ലന്‍ഡ്​, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​ താരം ഗോര്‍ഡന്‍ മക്​ക്വീന്‍ വാസ്​കുലാര്‍ ഡിമെന്‍ഷ്യ ബാധിതനാണെന്ന്​ കണ്ടെത്തിയത്​. മുന്‍ ഇംഗ്ലീഷ്​ താരം ജ്യോഫ്​ ആസില്‍ 2002ല്‍ മരണത്തിന്​ കീഴടങ്ങിയതും സമാന രോഗബാധിതനായാണ്​.
തലക്കേല്‍ക്കുന്ന പരിക്ക്​ വില്ലനാകുന്നതിനാല്‍ കുട്ടികളെ ഹെഡിങ്​ പരിശീലിപ്പിക്കുന്നത്​ ഒഴിവാക്കാന്‍ നേരത്തെ നിര്‍ദേശമുയര്‍ന്നിരുന്നു. മുന്‍നിര ഫുട്​ബാള്‍ ലീഗുകളുടെ ഭരണസമിതികളുള്‍പെടെ ഈ വിഷയം പരിശോധിച്ചുവരികയാണ്​. ഇതിനായി രൂപവത്​കരിച്ച സമിതിയില്‍ ഇംഗ്ലണ്ട്​ ഫുട്​ബാള്‍ പരിശീലകന്‍ ഗാരെത്​ സൗത്​ഗേറ്റുമുണ്ട്​.
ബ്രിട്ടീഷ്​ പാര്‍ലമെന്‍റ്​ അന്വേഷണം ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍റ്​ സ്​പോര്‍ട്ട്​ സമിതിയിലെ എം.പിമാരുടെ നേതൃത്വത്തിലാകും നടക്കുക. 1966ലെ ഇംഗ്ലീഷ്​ ലോകകപ്പ്​ സംഘത്തില്‍ ബോബി ചാള്‍ട്ടണു
പുറമെ നോബി സ്​റൈറല്‍സ്​, ജാക്​ ചാള്‍ട്ടണ്‍, മാര്‍ട്ടിന്‍ പീറ്റേഴ്​സ്​, റെയ്​ വില്‍സണ്‍ എന്നിവരും ഡിമെന്‍ഷ്യ ബാധിച്ചവരായിരുന്നു.