ഭാര്യ ജമീലയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമെന്ന് മന്ത്രി എ.കെ ബാലന്‍. ജില്ലാ കമ്മിറ്റിയില്‍ ഇത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ല. പ്രാഥമിക ചര്‍ച്ചയില്‍ പലരുടേയും പേരുകള്‍ വരാം. മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ.കെ ബാലന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റില്‍ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. വസ്തുതകള്‍ക്ക് നിരക്കുന്ന വാര്‍ത്തകളല്ല പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥലത്ത് നിന്ന് തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകമാണ് നടന്നതെന്നും എ.കെ ബാലന്‍ ആവര്‍ത്തിച്ചു.നാല് തവണ മത്സരിച്ച എ.കെ ബാലന്‍ മാറുന്ന ഒഴിവിലേയ്ക്ക് ഭാര്യയെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തരൂര്‍, കോങ്ങാട് മണ്ഡലങ്ങളിലേക്കായിരുന്നു ജമീലയെ പരിഗണിച്ചത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.