ജോർജിയ ∙ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു. മകൻ ഡോ. സുന്ദർരാജ് കമലേശന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം .

തന്റെ പ്രസംഗത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേർക്കു സുവിശേഷം മർമ്മം വെളിപ്പെടുത്തുവാൻ കഴിഞ്ഞ പ്രഗത്ഭനും ദൈവ വചന പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു ഡോ. സാം കമലേശൻ. മാരാമൺ കൺവൻഷനിലെ ആദ്യകാല പ്രമുഖ പ്രസംഗകരിൽ ഒരാളായിരുന്നു.

1930 നവംബർ 18നു തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജോബിന്റേയും ലില്ലി സുദർശന്റേയും മകനായി ജനിച്ചു. 1957 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും വെറ്റനറി സയൻസിൽ ബിരുദവും, 1960 ൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദവും 1971 ൽ ആസ്ബറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് ഡിവിനിറ്റിയും അതേ വർഷം എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് സേക്രഡ് തിയോളജി ബിരുദവും കരസ്ഥമാക്കി. 1963 ൽ സതേൺ ഏഷ്യ മെത്തഡിസ്റ്റ് ചർച്ചിൽ ഇവാഞ്ചലിസ്റ്റായി ചുമതലയിൽ പ്രവേശിച്ചു.

1990 വരെ വേൾഡ് മിഷൻ ഇന്റർനാഷണൽ വൈസ് പ്രസിഡന്റായിരുന്നു. 1953 ൽ അഡില ബൽരാജിനെ വിവാഹം ചെയ്തു. സുന്ദർരാജ് മാർക്ക് കമലേശൻ, നിർമല റൂത്ത് കമലേശൻ, മനോഹരൻ പോൾ കമലേശൻ എന്നിവർ മക്കളാണ്.

ഇന്ത്യയിൽ രണ്ടു വ്യത്യസ്ത ഫൗണ്ടേഷനുകൾ സ്ഥാപിച്ചു നൽകി. പുസ്തക പ്രസിദ്ധീകരണങ്ങളും ക്രിസ്തീയ ഗാനങ്ങളുടെ റെക്കോർഡിങ്ങും ആരംഭിച്ചു. സുവിശേഷകൻ എന്ന നിലയിൽ തലമുറകൾക്ക് വ്യക്തമായ കാഴ്ചപാടുകൾ സമ്മാനിക്കുന്ന, ആവേശം പകർന്നു നൽകുന്ന, നീതിയുടെ പാതയിൽ മുന്നേറുന്നതിന് മാതൃക കാണിച്ചു തന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സാം കമലേശൻ.