ലോകമെമ്പാടും മാർച്ച് 8 ആം തീയതി അന്തർദ്ദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്.

“നേതൃനിരയിലെ സ്ത്രീകൾ: കോവിഡ്-19 കാലത്ത് തുല്യ ഭാവി കൈവരിക്കുന്നു” എന്നതാണ് 2021 ലോക വനിതാ ദിനത്തിന്റെ മുദ്രാവാക്യം.
പൊതുജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തവും തീരുമാനമെടുക്കലും, അക്രമം ഇല്ലാതാക്കുക, ലിംഗസമത്വം, എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം,സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ആവശ്യപ്പെടുന്ന തലമുറ-സമത്വ പ്രചാരണം, തുല്യവേതനം, ശമ്പളമില്ലാത്ത പരിചരണവും വീട്ടുജോലിയും തുല്യമായി പങ്കിടൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുക, സ്ത്രീകൾക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളിൽ ഊന്നിയാണ് ഈ വർഷം വനിതാ ദിനം ആചരിക്കപ്പെടുന്നത്.

അമേരിക്കൻ മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സേവനത്തിന്റെ പരിശ്ചേദമായ ഫോമയുടെ വനിതാ ഘടകവും, ഫോമയുമായി കൈകോർത്ത് ലോക വനിതാ ദിനം മാർച്ചു 13 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. 1980-90 കളിൽ മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ പ്രശസ്ത ചലച്ചിത്ര താരം സുനിത രാജ് വനിതാ ദിന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി, വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. സംഘടനകളും, വ്യക്തികളും നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ നിന്ന് ജൂറി അംഗങ്ങൾ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന , മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക- വിനോദം, ആതുര സേവനം (ഡോക്ടർസ് & നഴ്സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്യുന്നത്. വനിതാ രത്നങ്ങളെ ആദരിക്കുന്ന ചടങ്ങ് പുതുമുഖ ചലച്ചിത്ര താരം പ്രിയ ലാൽ ഉദ്ഘാടനം നിർവ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ അപർണ പാണ്ഢ്യ വനിതകളെ പ്രചോദിപ്പിക്കുന്നതിനും, ആത്‌മ വിശ്വാസമുള്ളവരാക്കുന്നതിനും പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശിൽപ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
എല്ലാ അഭ്യുദയ കാംഷികളും ലോക വനിതാ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ദേശീയ ഫോറം ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്‌ഥിച്ചു.