രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്.

മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്.

സ്ഥാപനങ്ങൾക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യുന്നവരുടെ ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടാണ് ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ബില്ലിൽ ചില അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്

300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകൾ നിശ്ചയിക്കാനും മുൻകൂർ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശം നൽകുന്നതാണ് ബില്ല്. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകം.

ഈ പരിധിയാണ് നിലവിൽ 300 ലേക്ക് ഉയർത്തിയിരിക്കുന്നത്. അടുത്തത് കാഷ്വൽ ലീവ്. ഒരു സ്ഥാപനത്തിലെ 50 ശതമാനം ജീവനക്കാർ ഒരുമിച്ച് അവധിയെടുത്താൽ അത് സ്‌ട്രൈക്കായാണ് കണക്കാക്കുന്നത്. മറ്റൊന്ന് സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശമാണ്. 60 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകാതെ ജീവനക്കാർക്ക് സമരം നടത്താൻ പാടില്ല.

സോഷ്യൽ സെക്യൂരിറ്റി ബിൽ 2020

അസംഘടിത, ഓൺലൈൻ, സ്വയം തൊഴിലുകാർക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം തൊഴിലാളികൾക്ക് ഡിസബിളിറ്റി ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ പ്രസവ ആനുകൂല്യങ്ങൾ എന്നിവയും ബില്ലിൽ പരാമർശിക്കുന്നു.

തൊഴിൽ സുരക്ഷാ കോഡ് ബിൽ 2020

വനിതാ തൊഴിലാളികൾക്ക് പുരുഷന്മാരുടേത് പോലെ തുല്യമായ വേതനം, നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാനുള്ള സൗകര്യം എന്നിവ ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി ആക്ട് 1979 നൊപ്പം മറ്റ് 13 ആക്ടുകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട് ഈ ബില്ലിൽ.

സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനത്ത് ജോലിക്കായി പോയ, 18,000 രൂപ പ്രതിമാസ ശമ്പളമുള്ള വ്യക്തിയെന്ന നിലയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബില്ലിൽ നിർവചിക്കുന്നത്.

കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ ഗ്രാറ്റിവിറ്റി, അവധി സേവന വേതന ആനുകൂല്യങ്ങൾ എന്നിവയാണ് ബില്ലിലെ മറ്റ് സുപ്രധാന നിർദേശങ്ങൾ.

തൊഴിലാളികൾക്കും തൊഴിൽ ദാതാക്കൾക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ് ഈ ലേബർ കോഡ്. എന്നാൽ തൊഴിൽ ദാതാക്കൾക്ക് നൽകിയ ചില അവകാശങ്ങൾ തൊഴിലാളികൾക്ക് ചില പ്രതിസന്ധി സൃഷ്ടിക്കും.