ഹാളിചരൺ നർസരി, ലിസ്റ്റൺ കൊളാസോ, ഹിതേഷ് ശർമ്മ, മുഹമ്മദ് യാസിർ, ചിങ്ലൻസന സിംഗ്, ആകാശ് മിശ്ര. ഹൈദരാബാദ് എഫ്സിയിൽ നിന്ന് ഇന്ത്യൻ ദേശീയ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയാണ് ഇത്. ഇതിൽ നർസരിയും സനയും ഒഴികെ മറ്റ് നാലു പേരും ആദ്യമായാണ് ഇന്ത്യൻ ക്യാമ്പിലെത്തുന്നത്. പരുക്ക് പിടികൂടിയില്ലായിരുന്നു എങ്കിൽ ആശിഷ് റായിയും ഇവർക്കൊപ്പം ചേർന്നേനെ.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി ഫിനിഷ് ചെയ്തത്. അവസാന ലീഗ് മത്സരത്തിൽ ഗോവക്കെതിരെ വിജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ പ്ലേഓഫിൽ കടന്നേനെ. പക്ഷേ, ആ കളി സമനില ആയി. 20 മത്സരങ്ങളിൽ നിന്ന് 6 ജയം, 11 സമനില, 3 തോൽവി. ആകെ 29 പോയിൻ്റുകൾ. ഇതാണ് സീസണിൽ ഹൈദരാബാദിൻ്റെ കണക്കുകൾ. അതിനപ്പുറം ഹൈദരാബാദ് എഫ്സി കാഴ്ചവച്ച ചിലതുണ്ട്.

സീസണിൽ ഏറ്റവും കുറച്ചു കളികളിൽ മാത്രം പരാജയപ്പെട്ട ടീമാണ് ഹൈദരാബാദ്. നോർത്ത് ഈസ്റ്റ്, ഗോവ എന്നിവർക്കൊപ്പം ഹൈദരാബാദും മൂന്ന് മത്സരങ്ങളിലേ പരാജയപ്പെട്ടിട്ടുള്ളൂ. അതിനുള്ള കാരണം, സെറ്റായ ഒരു ടീമാണ്. വിദേശ താരങ്ങളെ കൂടുതലായി ആശ്രയിച്ച് കളി മെനഞ്ഞ ക്ലബല്ല ഹൈദരാബാദ്. ടീമിലെ ഇന്ത്യൻ താരങ്ങളാണ് നട്ടെല്ല്. ലിസ്റ്റൺ കൊളാസോ എന്ന മജീഷ്യനെ കേന്ദ്രീകരിച്ചായിരുന്നു ഹൈദരാബാദിൻ്റെ ആക്രമണങ്ങൾ. ആകാശ് മിശ്ര ആയിരുന്നു അവരുടെ പ്രതിരോധത്തിലെ ആണിക്കല്ല്. ലിസ്റ്റണ് 22ഉം ആകാശിന് 19ഉം വയസ്സാണ് പ്രായം. 22 വയസ്സായ മണിപ്പൂരുകാരൻ മുഹമ്മദ് യാസിർ ആണ് ടീമിലെ പത്താം നമ്പറുകാരൻ. മുഹമ്മദ് യാസിർ, ആശിഷ് റായ്, ഹിതേഷ് ശർമ്മ, നിഖിൽ പൂജാരി, ഹിതേഷ് ശർമ്മ തുടങ്ങി യുവത്വം തുടിക്കുന്ന മികച്ച താരങ്ങൾ ഹൈദരാബാദ് ജഴ്സിയിൽ അണിനിരന്നു. ഒപ്പം പരിചയസമ്പന്നനായ ഹാലിചരൻ നർസാരിയും ഗംഭീര ഫോമിൽ. കേരള ബ്ലാസ്റ്റേഴ്സിൽ കണ്ട നർസാരിയെയല്ല ഹൈദരാബാദിൽ കാണുന്നത്. വിഷനും സ്കില്ലും ക്രിയേറ്റിവിറ്റിയുമുള്ള നർസാരി.

19 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവതാരങ്ങൾ വിദേശ താരങ്ങളെ പോലും കടത്തിവെട്ടി ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം എല്ലാ ക്ലബുകൾക്കുമുള്ള ഓർമപ്പെടുത്തലാണ്. ഇന്ത്യയിൽ കഴിവുള്ള താരങ്ങളുണ്ട്. അവരെ കണ്ടെത്തി മികച്ച ഒരു പരിശീലകനെ ഏല്പിക്കുക മാത്രമാണ് വേണ്ടത്. മാനുവൽ മാർക്കസ് എന്ന സ്പെയിൻകാരൻ ടാക്ടീഷ്യനെയാണ് ക്ലബ് അതിനായി ചുമതലപ്പെടുത്തിയത്. ബാക്കി നമ്മൾ കണ്ടു.

ഇനി രസകരമായ ചിലതുണ്ട്. നമ്മുടെ കേരള ബ്ലാസ്റ്റേഴ്സുമായി ചില ബന്ധങ്ങളുണ്ട് ഹൈദരാബാദിന്. മഞ്ഞ ജഴ്സി, ഹാലിചരൺ നർസാരി എന്നിവ കൂടാതെ ചില ബന്ധങ്ങളുണ്ട്. ടീമിൻ്റെ സഹപരിശീലകൻ്റെ പേര് താങ്ബോയ് സിങ്തോ എന്നാണ്. അതേ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ സഹപരിശീലകൻ തന്നെ. അസാമാന്യ പ്രകടനം നടത്തുന്ന ഈ ഇന്ത്യൻ യുവതാരങ്ങളെ സ്കൗട്ട് ചെയ്തതിൽ സിങ്തോ വഹിച്ച പങ്ക് നിർണായകമാണ്. ഇനി ക്ലബിൻ്റെ സഹ ഉടമയും സിഇഓയും വരുൺ ത്രിപുരനേനി ആണ്. അതേ, ബ്ലാസ്റ്റേഴ്സിൻ്റെ മുൻ സിഇഓ തന്നെ. പരിശീലകൻ, വിദേശ റിക്രൂട്ട് എന്നിവകളിലൊക്കെ വരുൺ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് ആരാധക രോഷത്താൽ പുറത്തായ രണ്ട് പേരാണ് ഇവർ. അപ്പോൾ ബ്ലാസ്റ്റേഴിൻ്റെ കുഴപ്പം സപ്പോർട്ട് സ്റ്റാഫിലോ താരങ്ങളിലോ ഒന്നുമല്ല. പിന്നെയോ?