മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെതിരെ വ്യാപക വിമർശനം ഉയരുന്നതിൻ്റെ സാഹചര്യത്തിൽ നാലാം മത്സരത്തിലെ പിച്ചിനെപ്പറ്റിയുള്ള സൂചനയുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. നാലാം മത്സരത്തിലെ പിച്ച് കഴിഞ്ഞ ടെസ്റ്റുകളിലെ പിച്ചുകൾക്ക് സമാനമായിരിക്കും എന്നാണ് രഹാനെ വ്യക്തമാക്കിയത്.

“ചെന്നൈയിലെ രണ്ടാം ടെസ്റ്റിൻ്റെയും മൂന്നാം ടെസ്റ്റിൻ്റെയും പിച്ചുകൾക്ക് സമാനമാവും നാലാം ടെസ്റ്റിലെ പിച്ചും. പിങ്ക് ബോൾ വ്യത്യസ്തത ഉണ്ടാക്കിയിരുന്നു. റെഡ് ബോൾ പരിഗണിക്കുമ്പോൾ പിങ്ക് ബോൾ വേഗത്തിൽ ബാറ്റിലേക്കെത്തിയിരുന്നു. അത് നമ്മൾ ചെയ്യേണ്ട ഒരു ക്രമീകരണമാണ്. പക്ഷേ, അവസാന രണ്ട് ടെസ്റ്റ് മാച്ചിനു സമാനമായ പിച്ച് തന്നെയാവും ഇത്. അങ്ങനെയാണ് തോന്നുന്നത്. ഇംഗ്ലണ്ടിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. അവർ ബാലൻസ്ഡ് ആയ ടീമാണ്. അവരെ ഞങ്ങൾ നിസ്സാരമായി കാണുന്നില്ല.”- രഹാനെ പറഞ്ഞു.

അതേസമയം, മാർച്ച് നാലു മുതലാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.