ജനീവ: ഈ വര്‍ഷം അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അപക്വവും യഥാര്‍ഥ്യബോധമില്ലാത്ത ചിന്തയുമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

കോവിഡ്-19 ന്റെ വ്യാപനം കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ ലോകത്തിന്റെ ഏക ശ്രദ്ധയെന്ന് മൈക്കല്‍ റയാന്‍ പറഞ്ഞു. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലൈസന്‍സുള്ള പല വാക്സിനുകളും വൈറസിന്റെ പെട്ടന്നുള്ളതും വേഗമേറിയതുമായ വ്യാപനത്തെ തടയാന്‍ സഹായിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കുന്നതെന്നും നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച്‌ ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിന് മുമ്ബ് തന്നെ ചില സമ്ബന്ന രാഷ്ട്രങ്ങളില്‍ ആരോഗ്യമുള്ള യുവാക്കള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നുണ്ട്. ഇത് ഖേദകരമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം പറഞ്ഞു.

ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു മത്സരമല്ല, വൈറസിനെതിരെയുള്ള മത്സരമാണ്. സ്വന്തം ജനങ്ങളെ അപകട നിഴലില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, വൈറസിനെ കീഴടക്കാനുള്ള ആഗോള ശ്രമത്തിന്‍റെ ഭാഗമാകാന്‍ ആവശ്യപ്പെടുകയാണ് -അദ്ദേഹം പറഞ്ഞു.