ന്യൂയോര്‍ക്ക് ∙ ചെയ്യാത്ത കുറ്റത്തിന് 15 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കെന്നത്ത് നിക്സണ്‍ എന്ന യുവാവിന് ഒടുവിൽ മോചനം. ഫെബ്രുവരി 18 ന് മിഷിഗൺ സ്റ്റേറ്റ് ജയിലിൽ നിന്നും മോചിതനായ നിക്സണ്‍ പുറത്ത് കാത്തുനിന്നിരുന്ന അമ്മയെ ആലിംഗനം ചെയ്തു. 19-ാം വയസ്സിലാണ് താൻ ചെയ്യാത്ത ഇരട്ട കൊലപാതകക്കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവിന് നിക്സണ്‍ ശിക്ഷിക്കപ്പെട്ടത്.

2005ൽ ഒരു വീടിന് തീപിടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിക്സണ്‍ അറസ്റ്റിലായത്. തീപിടിത്തത്തില്‍ 10 വയസുള്ള ആൺകുട്ടിയും ഒരു വയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു.

വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ കൂലി ഇന്നസെൻസ് പ്രോജക്റ്റ് (Cooley Innocence Project), വെയ്ൻ കൗണ്ടി കൺവിക്‌ഷന്‍ ഇന്റഗ്രിറ്റി യൂണിറ്റ് (Wayne County Conviction Integrity Unit) നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ മെഡിൽ സ്‌കൂൾ ഓഫ് ജേര്‍ണലിസം (Medill School of Journalism) എന്നിവിടങ്ങളില്‍ ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ് പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ സഹായത്തോടെയാണ് നിക്സണ് മോചനം നേടാനായത്.

സീനിയർ അസോസിയേറ്റ് ഡീൻ ടിം ഫ്രാങ്ക്ലിൻ, അസിസ്റ്റന്റ് പ്രൊഫസർ ഡെസിരി ഹാൻഫോർഡ്, സഹായിയായ ഇൻസ്ട്രക്ടർ ജോർജ്ജ് പാപ്പജോൺ എന്നിവർ പഠിപ്പിച്ച അന്വേഷണ റിപ്പോർട്ടിംഗ് ക്ലാസിന്റെ ഭാഗമായി 2018 ൽ മെഡിൽ സ്‌കൂൾ ഓഫ് ജേര്‍ണലിസം വിദ്യാർഥികൾ നിക്സന്റെ കേസ് പരിശോധിക്കാൻ തുടങ്ങി. അവരുടെ ഗവേഷണവും റിപ്പോർട്ടിംഗും കേസിലെ യഥാർഥ തെളിവുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി.

കേസില്‍ “ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന്” പ്രോസിക്യൂട്ടർ വിശേഷിപ്പിച്ചതാണ് അവര്‍ക്ക് ഒരു കച്ചിത്തുരുമ്പായത്. അതുള്‍പ്പടെ മെഡിൽ വിദ്യാർഥികൾ ഇരകളുടെ സഹോദരന്റെ മൊഴികളിലുള്ള വൈരുദ്ധ്യവും ഒരു ജയിൽ ഹൗസ് വിവരദാതാവിന്റെ മൊഴിയും പരിശോധിച്ചു. കൂടാതെ, അവർ മൂന്ന് സാക്ഷികളുമായി അഭിമുഖം നടത്തി തീപിടുത്ത സമയത്ത് നിക്സണ്‍ എവിടെയായിരുന്നു എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അവരുടെ അന്വേഷണം ആരംഭിച്ചത്.

തന്റെ ക്ലാസ് നിക്സന്റെ കാര്യം പരിശോധിക്കാൻ തുടങ്ങിയപ്പോൾ തന്നെ ‘കേസ് തള്ളിക്കളയാനല്ല, മറിച്ച് അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടതെന്ന്’ വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി ഡീന്‍ ടിം ഫ്രാങ്ക്ലിന്‍ പറഞ്ഞു. പത്ത് ആഴ്ചത്തെ കോഴ്‌സ് വിദ്യാർഥികൾക്ക് ഒരു യഥാർഥ പത്രപ്രവര്‍ത്തന അനുഭവം നല്‍കിയെന്നും അദ്ദേഹം പറയുന്നു.

നൂറുകണക്കിന് പേജുകളുള്ള കോടതി രേഖകളും പൊലീസ് റിപ്പോർട്ടുകളും പഠിക്കുകയും ആഭ്യന്തര രേഖകൾ നേടുകയും സാക്ഷികളെയും വിദഗ്ധരെയും നിയമപാലകരെയും അഭിമുഖം നടത്തുകയും ചെയ്തു എന്നും, നിക്സണും ബന്ധുക്കളുമായും അഭിമുഖം നടത്തിയെന്നും ഫ്രാങ്ക്ലിൻ പറഞ്ഞു.

പല വിദ്യാർഥികളും രാവിലെ ഉറക്കമുണർന്നാല്‍ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ ഈ കേസിനെക്കുറിച്ച് മാത്രം ചിന്തിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സത്യം കണ്ടുപിടിക്കാന്‍ അവര്‍ക്ക് അത്രമാത്രം ആകാംക്ഷയായിരുന്നു. ഒരു വിദ്യാർഥി, ആഷ്‌ലി എബ്രഹാം, നിക്സന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിമുഖം നടത്താൻ മിഷിഗണിലേക്ക് നടത്തിയ നിരവധി റോഡ് യാത്രകളെക്കുറിച്ചും, ഉറക്കമിളച്ച് “നീണ്ട രാത്രികൾ” ഡ്രാഫ്റ്റുകൾ തയാറാക്കാന്‍ ചിലവഴിച്ചതിനെക്കുറിച്ചും വിശദീകരിച്ചു.

പ്രാദേശിക അന്വേഷണാത്മക ജേര്‍ണലിസം കമ്മ്യൂണിറ്റികളിൽ ചെലുത്തുന്ന സ്വാധീനം കേസില്‍ പ്രതിഫലിച്ചതായി പ്രാദേശിക പത്രപ്രവർത്തനത്തിലൂടെ കമ്മ്യൂണിറ്റികളെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘റിപ്പോർട്ട് ഫോർ അമേരിക്ക’യുടെ സീനിയർ വൈസ് പ്രസിഡന്റ് കിം ക്ലെമാൻ പറഞ്ഞു.

ഈ റിപ്പോർട്ടർമാർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ കെന്നത്ത് നിക്സനെ ജയിലിൽ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമൂഹത്തിനും ശക്തമായ, അന്വേഷണാത്മകവും ഉത്തരവാദിത്തമുള്ളതുമായ പ്രാദേശിക പത്രപ്രവർത്തനം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ക്രിമിനൽ നീതിന്യായ വ്യവസ്ഥ പോലുള്ള ശക്തമായ ഘടനകളെക്കുറിച്ച് പറയുമ്പോൾ, ഉയർന്ന നിലവാരമുള്ള റിപ്പോർട്ടിംഗ് ഉത്തരവാദിത്തത്തിന്റെ ഒരു പ്രധാന തലം നൽകുന്നു. “ആരോ നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാകുമ്പോൾ, എല്ലായിടത്തുനിന്നും മികച്ച പ്രതികരണം ലഭിക്കുന്നു. എത്ര ഗൗരവമായ കേസായാലും ഗതിവിഗതികള്‍ മാറാന്‍ യഥാർഥ റിപ്പോര്‍ട്ടിംഗിന് സാധിക്കുന്നു. നീതിന്യായ വ്യവസ്ഥയേയും അതു സഹായിക്കുന്നു”–ക്ലെമാൻ പറഞ്ഞു.

നിക്സണെ സംബന്ധിച്ചിടത്തോളം, ആ പത്രപ്രവർത്തനത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് സാധുതയില്ലാതായി. പ്രൊസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും അസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു എന്ന് തെളിഞ്ഞതോടെ നിക്സന് തന്റെ കുടുംബവുമായി ഒന്നിക്കാന്‍ കഴിഞ്ഞു.

"പത്രപ്രവർത്തനം യാഥാർഥ്യത്തെ വെളിച്ചത്തു കൊണ്ടുവരും. ലോകത്തെ തന്നെ അത് സ്വാധീനിക്കും. ഈ കേസിൽ അതാണ് സംഭവിച്ചത്"–ഡീൻ ടിം ഫ്രാങ്ക്ലിൻ പറഞ്ഞു.