കലിഫോർണിയ ∙ ഒരാഴ്ച മുൻപ് ഫ്രീമോണ്ടിൽ നിന്നു കാണാതായ കലിഫോർണിയ യൂണിവേഴ്സിറ്റി ഒന്നാം വർഷ വിദ്യാർഥി അഥർവിന്റെ (19) മൃതദേഹം ആറടി താഴ്ചയിൽ കീഴ്മേൽ മറിഞ്ഞ കാറിനുള്ളിൽ കണ്ടെത്തിയതായി കലിഫോർണിയ ഹൈവേ പെട്രോൾ അറിയിച്ചു. വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയാണു മൃതദേഹം കിടന്നിരുന്നത്.

കലവാറസ് ഹൈവേയിൽ ആറടി താഴെ ചാരനിറത്തിലുള്ള ടൊയോട്ട കാർ മറിഞ്ഞുകിടക്കുന്നതായി ഒരു സൈക്കിൾ യാത്രക്കാരൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നുളള അന്വേഷണത്തിലാണ് കാറിനുള്ളിൽ അഥർവിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ നിന്നും ഡോഗ് ഫുഡ് വാങ്ങാൻ പോയ അഥർവിനെ പിന്നെ ആരും കണ്ടിരുന്നില്ല. സംഭവസ്ഥലത്ത്് അന്വേഷണം നടത്തിയ പൊലീസിനു റോഡിലൂടെ കാർ ഉരസിപോയതിന്റെയോ തെന്നിപോയതിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. സ്റ്റോറിൽ നിന്നും വരുന്നതിന്റെ നേരെ എതിർ ദിശയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച അഥർവിനെ കാണാതായ ശേഷം മൊബൈൽ ഫോണോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചിരുന്നില്ല.

കോവിഡിന്റെ പഴ്ചാത്തലത്തിൽ യൂണിവേഴ്സിറ്റിയിൽ പോകാതെ വീട്ടിലിരുന്നു പഠിക്കുകയായിരുന്നു അഥർവ്. പാചകകലയിൽ മിടുക്കനായിരുന്ന അഥർവ് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തിൽ പ്രത്യേക ഭക്ഷണം തയാറാക്കിയിരുന്നു. ഡോക്ടർ ആവണമെന്നതായിരുന്നു മകന്റെ ആഗ്രഹമെന്നു മാതാവ് പറഞ്ഞു. അഥർവിന്റെ പിതാവ് പക്ഷാഘാതത്തെ തുടർന്നു വീട്ടിൽ കിടപ്പിലാണ്. മകന്റെ മരണത്തിൽ ആകെ തളർന്നിരിക്കുകയാണ് മാതാവും മറ്റു കുടുംബാംഗങ്ങളും.