ഡാലസ്∙ ഡാലസ് കൗണ്ടിയിൽ കോവിഡ് ബാധിതരായ 42 േപർകൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751 പേർക്കു പുതുതായി രോഗം ബാധിച്ചതായി ഡാലസ് കൗണ്ടി ജഡ്ജി ജൻകിൻസു അറിയിച്ചു. കോവിഡ് മഹാമാരി കഴി‍ഞ്ഞവർഷം മാർച്ചിൽ ഡാലസിൽ കണ്ടെത്തിയതു മുതൽ ഇതുവരെ 2,45,946 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിയേണ്ട അവസ്ഥ ഇതുവരെ ആയിട്ടില്ലെന്നും അത്തരത്തിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു എന്നത് കോവിഡ് 19 മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതിനു മതിയായ കാരണം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച ഡാലസ് കൗണ്ടിയിൽ മരണ നിരക്ക് കുറഞ്ഞെങ്കിലും ഈ ആഴ്ച ആരംഭത്തിൽ തന്നെ ഇത്രയും മരണം സംഭവിച്ചത് കോവിഡ് ഇപ്പോഴും മാരകമായി തുടരുന്നതിന്റെ തെളിവാണ്. കോവിഡ് മാനദണ്ഡങ്ങളിൽ തൽക്കാലം ഒരിളവും നൽകുന്നതിനുള്ള സാഹചര്യം അല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.