ന്യൂയോർക്ക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യഎജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യുഎസ്ഐഇഎഫ്) 2022-2023 വർഷത്തിലേക്കുള്ള ഫുൾബ്രൈറ്റ്-നെഹ്രു ഫെലോഷിപ്പുകള്‍ ഉൾപ്പെടെയുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരൻമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സാമർഥ്യമുള്ള ഇന്ത്യന്‍ വിദ്യാർഥികള്‍, ഗവേഷകർ, അധ്യാപകര്‍, കലാകാരന്മാർ, എല്ലാ മേഖലയിലുമുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അമേരിക്കന്‍, ഇന്ത്യന്‍ വിദഗ്ദ്ധരും ഫുൾബ്രൈറ്റ് പൂര്‍വവിദ്യാര്‍ഥികളും അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽസയൻസ്, സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീ മേഖലകളിലെ ഈ ഫെലോഷിപ്പുകള്‍ വിദ്യാർഥികള്‍, ഗവേഷകർ, അധ്യാപകര്‍, നയരൂപകര്‍, കാര്യനിർവാഹകർ, ഉദ്യോഗസ്ഥർ എന്നിവര്‍ക്ക് നല്‍കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ധനസഹായം നല്‍കുന്ന ഇത്തരം വിദ്യാഭാസ കൈമാറ്റപദ്ധതികള്‍ ഫെലോഷിപ്പ് വിജയികളുടെ പാണ്ഡിത്യ, ഗവേഷണ, അധ്യാപന, തൊഴിൽപര ശേഷി സമ്പന്നമാക്കുന്ന അവസരങ്ങളിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാനും സഹായിക്കുന്നു. യുഎസ്ഐഇഎഫ് നടത്തിവരുന്ന വിദ്യാർഥി കൈമാറ്റങ്ങളിലും, സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകളിലും പങ്കെടുക്കുന്നവർ പാണ്ഡിത്യമേഖലകളിലും ജോലി സ്‌ഥലങ്ങളിലും ശക്തമായ നേതൃത്വപാടവം പ്രകടിപ്പിക്കുന്നവരാണ്.

ഒരു സാംസ്കാരിക അംബാസഡറായി നിങ്ങളുടെ രാജ്യത്തെ അമേരിക്കയിൽ പ്രതിനിധീകരിക്കുന്നതിനും ഈ അവസരം നേരിട്ട് അനുഭവിക്കുന്നതിനും നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലും ഒരു നല്ല അപേക്ഷകനാണെങ്കിൽ ഈ അവസരം പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക: www.usief.org.in

അപേക്ഷകർക്കുള്ള സംശയങ്ങൾ ip@usief.org.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയും ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ്ഐഇഎഫ് ഓഫീസുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയും ചെയ്യാവുന്നതാണ്. തമിഴ്നാട്, കേരളം, കര്‍ണാടക, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകർ usiefchennai@usief.org.in എന്ന ഇമെയിൽ വിലാസത്തില്‍ ബന്ധപ്പെടുക.