ഇടുക്കിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. എഐസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പുതുമുഖങ്ങളെ ഇറക്കാനും യുഡിഎഫില്‍ തീരുമാനമുണ്ട്.

ദേവികുളത്തും പീരുമേടും വിജയം ഉറപ്പ് എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ അവകാശവാദം. ദേവികുളത്ത് എ.കെ. മണിക്ക് പകരം അഡ്വക്കേറ്റ് രാജ റാം, ഡി. രാജ, മുത്തുരാജ് എന്നിവരെയാണ് പരിഗണിക്കുന്നത്. പീരുമേട്ടില്‍ കഴിഞ്ഞതവണ തോറ്റ സിറിയക്ക് തോമസിനാണ് പ്രഥമ പരിഗണന. ഒപ്പം ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് എന്നിവരും സീറ്റിനായി മുന്‍ നിരയിലുണ്ട്. ഉടുമ്പന്‍ചോലയില്‍ എം. എം. മണിക്കെതിരെ സേനപതി വേണുവിനാവും നറുക്ക് വീഴുക.

ഇടുക്കി സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം ഇതിനോടകം തന്നെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മേല്‍ഘടകത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ് ഇടുക്കിയില്‍ യുഡിഎഫിലെ തിരിച്ചടി. അതുകൊണ്ട് തന്നെ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിര്‍ണായകമാണ്. തൊടുപുഴയില്‍ പി.ജെ. ജോസഫ് ഉടനടി പ്രചാരണം ആരംഭിക്കും. അഞ്ചു സീറ്റും പിടിച്ചെടുത്തു ജില്ലയില്‍ ഒരു പുതിയ തുടക്കത്തിനാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത് .