വേനല്‍ കടുത്തതോടെ പത്തനംതിട്ട റാന്നി മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍. പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുമ്പോള്‍ പമ്പ് ചെയ്യാന്‍ വെള്ളമില്ലാത്തതാണ് വിനയാകുന്നത്. റാന്നി അങ്ങാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പമ്പ്ഹൗസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

പമ്പാനദിയിലെ ജല നിരപ്പ് താഴ്ന്ന് നീര്‍ച്ചാലായി മാറിയതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ കരണം. കഴിഞ്ഞ രണ്ട് ദിവസം നേരിയ തോതില്‍ മഴ ലഭിച്ചതിനല്‍ നദിയില്‍ തല്‍ക്കാലം പമ്പിങ്ങിനുള്ള വെള്ളമുണ്ട്. എന്നാല്‍ വേനല്‍ ശക്തമാകുമ്പോള്‍ ജലനിരപ്പ് ഇനിയും താഴും. റാന്നി അങ്ങാടി പഞ്ചായത്തിലെ പമ്പിംഗ് ഹൗസിന്റെ അശാസ്ത്രിയ നിര്‍മാണമാണ് മേഖലയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകരുടെ ആരോപണം.

വെള്ളമെടുക്കുന്നതിനുള്ള കിണര്‍ ജലനിരപ്പില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പമ്പയിലെ ജല നിരപ്പ് താഴുമ്പോള്‍ കിണറ്റിലേക്ക് വെള്ളം എത്താതെ വരുന്നതാണ് പമ്പിംഗ് തടസപെടാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാല്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള പമ്പ് ഹൗസും കിണറും പുഴയോട് ചേര്‍ന്ന് താഴ്ന്ന ഭാഗത്ത് മാറ്റി സ്ഥാപിക്കണ മെന്നാണ് ആവശ്യം.

ഉയര്‍ന്ന് നില്‍ക്കുന്ന കിണറിലേക്ക് വെളം എത്തിക്കുന്നത് പൈപ്പുകള്‍ വഴിയാണ്. ഇതില്‍ ചെളി വന്ന് നിറയുന്നതും കൃത്യമായ ജലലഭ്യതയെ ബാധിക്കുന്നു. അതിനാല്‍ നദിയില്‍ നിന്നും ചാലിലൂടെ വെള്ളമെത്തിച്ച് ,ഭിത്തി ഇടിച്ചാണ് കിണറിലേക്ക് വെള്ളം ഒഴുക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കേണ്ട വെള്ളമാണ് അശാസ്ത്രിയമായി ശേഖരിക്കുന്നത്.