വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പരുക്കേറ്റ സഞ്ജു സാംസണു പകരം പേസ് ബൗളർ ബേസിൽ തമ്പിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിൻ്റെ ക്വാർട്ടർ പ്രവേശനം. കേരളത്തിനൊപ്പം ഉത്തർപ്രദേശും മികച്ച രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി.

ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ പരാജയപ്പെട്ടത് കേരളത്തിൻ്റെ ക്വാർട്ടർ സാധ്യതകൾ വർധിപ്പിച്ചിരുന്നു. രാജസ്ഥാനെതിരെ ഡൽഹിയുടെ വിജയം മെല്ലെ ആയത് കേരളത്തിൻ്റെ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡൽഹിക്ക് 44.4 ഓവർ വേണ്ടിവന്നിരുന്നു.

ഇന്നലെ ഗ്രൂപ്പ് സിയിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ബീഹാറിനെതിരെ 9 വിക്കറ്റ് ജയമാണ് കേരളം കുറിച്ചത്. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനായി ബാറ്റ്സ്മാന്മാർ അടിച്ചുതകർത്തപ്പോൾ ബീഹാർ മുന്നോട്ടുവച്ച 149 റൺസിൻ്റെ വിജയലക്ഷ്യം കേരളം 8.5 ഓവറിൽ മറികടക്കുകയായിരുന്നു. ഇതാണ് കേരളത്തിൻ്റെ റൺ നിരക്ക് ഉയർത്തിയത്.

ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളിൽ ചാമ്പ്യന്മാരായ കർണാടകക്കെതിരെ മാത്രമാണ് കേരളം പരാജയപ്പെട്ടത്.