സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. റെയ്ഡിൽ ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു അടക്കം 6 പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ബാക്കി നിൽക്കെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ബാർതോമ്യുവിനൊപ്പം ഓസ്കാർ ഗ്രൗ, ക്ലബിൻ്റെ നിയമ വിഭാഗം തവവൻ എന്നിവരൊക്കെ അറസ്റ്റിലായവരിൽ പെടുന്നു എന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, പേരുകൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. അറസ്റ്റുകൾ നടക്കുന്നു എന്ന് മാത്രമാണ് ഇക്കാര്യത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. ഫൈനാൻഷ്യൽ ക്രൈം യൂണിറ്റുമായി ചേർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ബാർതോമ്യുയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ക്ലബ് ഒരു കമ്പനിയെ നിയമിച്ചിരുന്നു. താരങ്ങളെ വിമർശിച്ച് ബാർതോമ്യുവിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയായിരുന്നു ഈ കമ്പനിയുടെ ജോലി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

ബാർതോമ്യു കഴിഞ്ഞ ഒക്ടോബറിൽ രാജിവച്ചിരുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയായിരുന്നു രാജി. പ്രസിഡൻ്റിനൊപ്പം ബോർഡ് അംഗങ്ങൾ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബർതോമ്യുവിനെതിരെ ക്ലബ് ഇതിഹാസം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.