മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി എൻഡിഎ നേതൃത്വം. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി ആയാൽ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്  പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരത്തെടുപ്പിൽ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ഉപാധ്യക്ഷനെ തന്നെ ബിജെപി രംഗത്തിറക്കുന്നതെന്നാണ് സൂചന. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ മത്സരം കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായെത്തിയാൽ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നേതൃത്വം ആവശ്യപ്പെട്ടാൽ ഇരുകയ്യും നീട്ടി അബ്‌ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

കഴിഞ്ഞ തവണ ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. 82,332 വോട്ടുകളാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ നിർണായക ശക്തിയാകാമെന്നും ബിജെപി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.