ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ആറ്‌ മാസത്തേക്ക്‌ കൂടി നീട്ടി നല്‍കി സുപ്രീം കോടതി. വിചാരണക്കോടതിയുടെ അഭ്യര്‍ഥനപ്രകാരമാണ്‌ കേസിന്റെ വിചാരണ നീട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്‌. കോവിഡ്‌ പ്രതിസന്ധിയും കേസില്‍ ജഡ്‌ജിയെ മാറ്റണം എന്ന ആവശ്യത്തിലുമുള്ള വ്യവഹാരങ്ങള്‍ക്കൊണ്ടും വിചാരണ ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യമാണ്‌ വിചാരണ കോടതി ജഡ്‌ജി സുപ്രിം കോടതിയോട്‌ അഭ്യര്‍ഥിച്ചത്‌.

ആറ്‌ മാസത്തിനകം നിര്‍ബന്ധമായും വിചാരണ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശത്തോടൊണ്‌ കാലാവധി നീട്ടി നല്‍കിയത്‌. ഹൈക്കോടതി രജിസ്‌ട്രാര്‍ വഴി നല്‍കിയ കത്ത്‌ അപേക്ഷയായി പരിഗണിച്ച്‌ സുപ്രീം കോടതി ഇത്‌ അംഗീകരിക്കുകയായിരുന്നു.

2019 നവംബറിലാണ്‌ കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന്‌ സുപ്രിം കോടതി വിചാരണക്കോടതിക്ക്‌ നിര്‍ദേശം നല്‍കിയത്‌. ആറ്‌മാസത്തെ കാലാവധിയാണ്‌ അന്ന്‌ അനുവദിച്ചത്‌. തുടര്‍ന്ന്‌ കോവിഡ്‌ മൂലം കോടതി പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങള്‍ വന്നതിനാല്‍ ജൂലൈയില്‍ ആറ്‌മാസം കൂടി നീട്ടി നല്‍കണമെന്ന്‌ സുപ്രിം കോടതിയെ അറിയിച്ചു. ഇത്‌ കോടതി അനുവദിച്ച്‌ നല്‍കി.

ഈ കാലയളവിലും വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ്‌ പുതിയ അപേക്ഷ സമര്‍പ്പിച്ചത്‌. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കക്ഷികള്‍ കൂടി സഹകരിക്കണം എന്ന നിര്‍ദ്‌ശത്തോടെയാണ്‌ വീണ്ടും ആറുമാസം കൂടി അനുവദിച്ചിരിക്കുന്നത്‌.