പത്തനംതിട്ട: കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ പോസ്റ്ററുകള്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രതിസന്ധിയിലാണ് കോന്നിയിലെ നേതൃത്വം. അടൂര്‍ പ്രകാശ് പറയുന്ന സ്ഥാനാര്‍ത്ഥിക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം കൈവിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം അടൂര്‍ പ്രകാശ് ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന പോസ്റ്ററുകളില്‍ റോബിന്‍ പീറ്ററിനെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്.

റോബിന്‍ ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ പതിച്ചത്. നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗിമക്കവേ കോണ്‍ഗ്രസിന് വന്‍ തലവേദനയാണ് ഈ പ്രശ്‌നങ്ങള്‍. സോളാര്‍ കേസ് വന്നപ്പോല്‍ യജമാനെ സംരക്ഷിക്കുകയും, കേസില്‍ കുടുങ്ങാതിരിക്കാന്‍ മാസങ്ങളോളം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതും, നേരത്തോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥകളായിരുന്നവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതുമാണോ റോബിന്‍ പീറ്ററിന് മത്സരിക്കാനുള്ള യോഗ്യതയെന്നും പോസ്റ്ററില്‍ ചോദിക്കുന്നുണ്ട്. കെപിസിസി കോന്നിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.

കോന്നിയില്‍ റോബിന്‍ പീറ്ററിനെ ഇത്തവണ മത്സരിപ്പിക്കാനുള്ള സജീവ നീക്കം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായ കോന്നി പിടിക്കണമെന്ന ശക്തമായ ആഗ്രഹം കോണ്‍ഗ്രസിലുണ്ട്. അടൂര്‍ പ്രകാശിനെതിരെ നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്ബ് തന്നെ അത് അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കെപിസിസിക്ക് പരാതിയും ലഭിച്ചിരുന്നു. അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകാനാണ് തീരുമാനം.