ന്യൂയോർക്ക്∙ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും വ്യായാമ മുറകളും സെമിനാറുകളുമായി വിവിധ പരിപാടികൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റി ഫോമയുടെ വിമൻസ് ഫോറം .എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് ( EST) മുടങ്ങാതെ "വെൽനെസ് മാറ്റേഴ്സ് " എന്ന പേരിലാണു പരിപാടികൾ നടത്തുന്നത്.
ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസ്സെടുത്തു . യോഗ പരിശീലകയ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസ്സുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും ഉപകാരപ്രദമായിരുന്നു .

ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചർമ്മ സംരക്ഷണവും " എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാദമിയുടെ സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ ഷെറിൻ മുസ്തക്ക് ആണ് ഈ ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട് ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി , വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മേക്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസ്സുകളിൽ പ്രതിപാദിക്കുന്നുണ്ട് .

ഫോമാ നാഷനൽ വിമൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കർ , ജാസ്മിൻ പരോൾ എന്നിവരാണ് വിമൻസ് ഫോറത്തിന്റെ ഈ പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റ്ഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസ്സുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടി . ഉണ്ണികൃഷ്ണൻ , തോമസ് ടി. ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.