നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി നല്‍കിയ കത്ത് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്‍കി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജ്‌ജി കത്ത് നല്‍കിയത്. ജനുവരി 16ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോയി. പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.