റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍. യമനിലെ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണമായിരുന്നുവെന്ന് സൗദി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്ബ് തന്നെ സൗദി സൈന്യം തകര്‍ത്തുകളഞ്ഞു. യമനില്‍ യുദ്ധം ശക്തിപ്പെട്ടിരിക്കെയാണ് റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. യമനിലെ സൗദി പിന്തുണയുള്ള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വടക്കന്‍ മഗ്രിബ് മേഖല. ഈ പ്രദേശം പിടിച്ചടക്കാനാണ് ഹൂത്തികളുടെ നീക്കം. അതിനിടെ അവര്‍ സൗദിയെയും ആക്രമിക്കുന്നു.

യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് സൗദി പിന്തുണ നല്‍കുന്നതാണ് റിയാദിനെ ആക്രമിക്കാന്‍ കാരണം. റിയാദിനെ ലക്ഷ്യമിട്ട് എത്തിയ ബാലസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തുവെന്ന് ഇഖ്ബരിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് റിയാദിലെ എഎഫ്പി ലേഖകന്‍ പറഞ്ഞു. ഇത് മിസൈല്‍ തകര്‍ത്തപ്പോഴുള്ള ശബ്ദമാണ് എന്നാണ് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, സൗദിയിലെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ഹൂത്തികള്‍ നാല് ഡ്രോണ്‍ ആക്രമണം നടത്തി. ഇവയെല്ലാം സൗദി സൈന്യം തകര്‍ത്തു. ഖമീഷ് മുഷൈത്തിലാണ് രണ്ട് ആക്രമണ ശ്രമമുണ്ടായത്. ജിസാനിലും മറ്റൊരിടത്തും വേറെയും ആക്രമണ ശ്രമമുണ്ടായി. ഹൂത്തികളെ ഭീകരരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് നീക്കാന്‍ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് സൗദിയെ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൂത്തികളെ ഭീകര പട്ടികയില്‍ പെടുത്തിയത് കാരണം യമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. ഇവരുടെ അഭിപ്രായം മാനിച്ചാണ് പട്ടികയില്‍ നിന്ന് ഹൂത്തികളെ നീക്കാന്‍ ജോ ബൈഡന്‍ ആലോചന തുടങ്ങിയത്. യമനില്‍ സൗദി നടത്തുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്ക ഇപ്പോള്‍ പിന്തുണ നല്‍കാത്തതും ശ്രദ്ധേയമാണ്. അതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കുറ്റപ്പെടുത്തിയുള്ള അമേരിക്കന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.