കൊച്ചി: മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത സംഭവത്തില്‍ വിവാദം ശക്തമാകുന്നതിനിടെ വിശദീദകരണവുമായി ശോഭാ സുരേന്ദ്രന്‍. ലീഗ് അധികാര കൊതി മൂന്ന് എസ്ഡിപിഐ അടക്കമുള്ള ദേശവിരുദ്ധരുമായി കൈകോര്‍ത്തവരാണ്. അതാണ് മാറണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. ഭീകരരുടെ മടയില്‍ നിന്ന് പുറത്തേക്ക് വന്ന്, ദേശീയയിലേക്ക് വരണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. അത് എംകെ മുനീര്‍ അടക്കമുള്ളവര്‍ക്ക് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. നേരത്തെ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ മറുപടി നല്‍കിയത്.

മുസ്ലീം ലീഗിനെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കുറിക്കന്‍ കൂട്ടിലേക്ക് കോഴിയെ ക്ഷണിക്കുന്ന ബിജെപി നിലപാട് തള്ളിക്കളയുന്നുവെന്നും മുനീര്‍ മറുപടി നല്‍കിയിരുന്നു. നേരത്തെ ശോഭയുടെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് ലീഗെന്ന് ആദ്യം സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പിന്നീട് തിരുത്തി നയം മാറ്റി എന്‍ഡിഎയിലേക്ക് വന്നാല്‍ സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ കേന്ദ്ര മന്ത്രി അടക്കം ലീഗുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്.

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരും ലീഗുമായി സഹകരിക്കുന്ന കാര്യത്തെ കുറിച്ച്‌ പ്രതികരിച്ചിട്ടുണ്ട്. ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ശോഭയുടെ പ്രസ്താവനയെ മുരളീധരന്‍ തള്ളി. മുസ്ലീം ലീഗ് ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും കേന്ദ്ര മന്ത്രി തുറന്നടിച്ചു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി അവര്‍ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലീം ലീഗിന് വര്‍ഗീയത മാറ്റിവെച്ച്‌ വരാന്‍ ഒരിക്കലും സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുസ്ലീം ലീഗിനെ കേരളത്തിലോ, ഇനി ഇന്ത്യയില്‍ എവിടെയെങ്കിലുമോ എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ഒരിക്കലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ അവര്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുണ്ട്. അത്തരം പാര്‍ട്ടികളുമായി ഞങ്ങള്‍ ഒരിക്കലും കൂട്ടുകൂടില്ല. ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനമാണ്. അല്ലാതെ ലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. നേരത്തെ കശ്മീരില്‍ പിഡിപിയുമായുള്ള ബന്ധം അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ശോഭ സുരേന്ദ്രന്‍ ലീഗുമായി ചേരാമെന്ന് പറഞ്ഞത്.