ചങ്ങനാശ്ശേരി: എസ്‌എന്‍ ഡിപി യോഗം യോഗം ചങ്ങനാശേരി യൂണിയന്‍ കൗണ്‍സിലര്‍ രമേശിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നും രമേശിന്റെ ഭാര്യയോട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

വാഴൂര്‍ റോഡില്‍ എസ്ബി സ്‌കൂളിന് മുന്‍വശത്തു നിന്നും ആരംഭിച്ച മാര്‍ച്ച്‌ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിക്ക് സമീപം പൊലീസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ എസ്‌എന്‍ഡിപി യോഗം കൗണ്‍സിലര്‍ എ.ജി, തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. എസ്‌എന്‍ ഡിപി ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ്പ്രസിഡന്റ് പി.എം. ചന്ദ്രന്‍, സെക്രട്ടറി സുരേഷ് പരമേശ്വരന്‍, നിയുക്ത ബോര്‍ഡ് മെമ്ബര്‍ സജീവ് പൂവത്ത്, വനിതാ സംഘം താലൂക്ക് പ്രസിഡന്റ് ശോഭ ജയചന്ദ്രന്‍, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം അനില്‍ കണ്ണാടി തുടങ്ങിയവര്‍ സംസാരിച്ചു.

സ്ത്രീകളും യുവാക്കളും അടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ചങ്ങനാശേരി ഡിവൈഎസ്പി ജോഫിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.