ന്യൂഡല്‍ഹി : തമിഴ് ഭാഷ പഠിക്കാനാകാത്തത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് പഠിക്കാനായില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. ലോകമെമ്ബാടും ജനപ്രിയമായ മനോഹര ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മഹത്വത്തെക്കുറിച്ചും തമിഴ് കവിതയുടെ ആഴത്തെക്കുറിച്ചും നിരവധി പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ദീര്‍ഘകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും നേടാനാകാത്തതായി തോന്നിയിട്ടുണ്ടോ എന്ന ഒരു ശ്രോതാവിന്റെ ചോദ്യത്തിന് ഉത്തരമായാണ് പ്രധാനമന്ത്രി തമിഴ് ഭാഷയെക്കുറിച്ച്‌ പറഞ്ഞത്

മുമ്ബ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. അന്നും തനിക്ക് തമിഴ് പഠിക്കാനാകാത്തതിലുള്ള ദുഃഖം മോദി പ്രസംഗത്തിനിടയില്‍ പങ്കുവെച്ചിരുന്നു.