ഈ സീസണിലെ ഐപിഎൽ ആറ് വേദികളിൽ നടത്തുമെന്ന റിപ്പോർട്ടുകളിൽ ഫ്രാഞ്ചൈസികൾക്ക് അതൃപ്തി. രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്തുമെന്ന തീരുമാനമായിരുന്നു നല്ലതെന്ന് ഫ്രാഞ്ചൈസികൾ അറിയിച്ചതാതാണ് പുതിയ റിപ്പോർട്ടുകൾ. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, അഹ്മദാബാദ്, കൊൽക്കത്ത എന്നീ 6 വേദികളിലായി ഐപിഎൽ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

“രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്താനുള്ള തീരുമാനമായിരുന്നു നല്ലത്. 2020ലെ ടൂർണമെൻ്റ് മൂന്നു വേദികളിലായാണ് നടന്നത്. അത് നന്നായി പോവുകയും ചെയ്തു. ഫ്രാഞ്ചൈസികൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മുംബൈ, പൂനെ എന്നിവിടങ്ങളിലായി ഗ്രൂപ്പ് മത്സരങ്ങൾ നടത്തുകയും പ്ലേ ഓഫുകൾ അഹ്മദാബാദിൽ നടക്കുകയും ചെയ്യുമെന്ന ചിന്തയിലാണ് തയ്യാറെടുപ്പുകൾ. ഇപ്പോൾ ആ പദ്ധതികളൊക്കെ മാറും.”- ഫ്രാഞ്ചൈസി പ്രതിനിധികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട് വന്നിരുന്നു. മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഐപിഎൽ നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വേദികളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നത്.

രാജ്യത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഐപിഎൽ നടത്തിയത് യുഎഇയിൽ വച്ചായിരുന്നു. ഇക്കൊല്ലം ഇന്ത്യയിൽ വച്ച് തന്നെ ഐപിഎൽ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചത്