ഈ വർഷത്തെ ടി-20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പിസിബി ചെയർമാൻ ഇഹ്സാൻ മാനിയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളുടെയും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെയും ലോകകപ്പ് വീസകളുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ലെന്നും മാനി പറഞ്ഞു. 2020 ഡിസംബർ 31നു മുൻപ് ബിസിസിഐ വീസയുടെ കാര്യം ശരിയാക്കേണ്ടതായിരുന്നു. എന്നാൽ, രണ്ട് മാസങ്ങൾക്കു ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല എന്നും മാനി പറഞ്ഞു. ഗൾഫ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

“ഡിസംബർ 31ഓടെ ബിസിസിഐ ഇക്കാര്യത്തിൽ കൃത്യമായ ഒരു വിവരം അറിയിക്കേണ്ടതായിരുന്നു. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി രണ്ട് തവണ ആശുപത്രിയിൽ അഡ്മിറ്റായതിനാൽ ക്രിക്കറ്റ് ബോർഡ് കുറച്ച് സമയം ചോദിച്ചിരുന്നു. ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിൽ പിസിബിക്ക് എതിർപ്പില്ല. പക്ഷേ, ഞങ്ങളുടെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ആരാധകർക്കുമെല്ലാം വീസ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകണം.”- മാനി പറഞ്ഞു.