കലിഫോർണിയ∙ അമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവരും പ്രശസ്ത സാഹിത്യകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവും വാഗ്മിയുമായ ജോയൻ കുമരകം (84) കലിഫോർണിയയിൽ അന്തരിച്ചു. ദീർഘകാലമായി കലിഫോർണിയയിലെ നഴ്സിങ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ആയിരുന്നു അന്ത്യമെന്ന് അദ്ദേഹം താമസിച്ചിരുന്ന ഹേയ്‌വാർഡിലെ ലാൻഡ്മാർക്ക് നഴ്‌സിങ് ഹോം ഉടമയും എഴുത്തുകാരനും നടനുമായ തമ്പി ആന്റണി പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് അദ്ദേഹത്തിന്റെ 84–ാം ജന്മദിനം ആഘോഷിച്ചത്. അന്നു സംസാരിച്ചില്ലെങ്കിലും ഹൃദയസ്പൃക്കായ ഒരു മറുപടി ഓൺലൈൻ മാധ്യമമായ "ഇ-മലയാളി"യിൽ അദ്ദേഹം എഴുതിയിരുന്നു.

1937 ഫെബ്രുവരി 4ന് കുമരകം ലക്ഷമിച്ചിറയിൽ പൊതുവിക്കാട്ട് പി.എം. മാത്യുവിന്റെയും കാനം പരപ്പളിതാഴത്തു പുത്തൻപുരയിൽ അന്നമ്മ മാത്യുവിന്റേയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു.

സഹോദരർ: പരേതയായ അമ്മുക്കുട്ടി ചാക്കോ (കങ്ങഴ വണ്ടാനത്തു വയലിൽ) പി.എം. മാത്യു (പൊതുവിക്കാട്ട്, കുമരകം) മോളി ജേക്കബ് (ചെരിപ്പറമ്പിൽ, വെള്ളൂർ, പാമ്പാടി) ജോർജ് മാത്യു (പൊതുവിക്കാട്ട്, കുമരകം)

കാനം സിഎംഎസ് സ്കൂൾ , കുമരകം ഗവൺമെന്റ് സ്കൂൾ, കുമരകം ഹൈസ്കൂൾ – തേവര കോളജ് , സി എം എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

യൂത്ത് കോൺഗ്രസ്, ഓർത്തഡോക്സ് മൂവ് മെന്റ് ബാലജനസഖ്യം തുടങ്ങിയ തട്ടകങ്ങളിൽ ആണു ജോയൻ പൊതു പ്രവർത്തനം ആരംഭിച്ചത്.

ചെറുപ്പകാലത്ത് ലഭിച്ച ഇഴയടുപ്പമുള്ള കുടുംബ സാഹചര്യങ്ങൾ ജോയനെ പുസ്തക വായനയിലേക്ക് കൂടുതൽ അടുപ്പിച്ചു. രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലി വായിക്കുക വഴി ടാഗോറിന്റെ ഒരു കടുത്ത ആരാധകനായി മാറി.

ഇതിനോടകം അനിയൻ അത്തിക്കയം ചീഫ് എഡിറ്റർ ആയിരുന്ന ബാലകേരളം മാസികയിൽ പ്രവർത്തിക്കുകയും , സീയോൻ സന്ദേശം മാസികയിൽ, ‘സ്വർഗ്ഗത്തിലേക്കൊരു കത്ത്’ എന്ന തന്റെ ആദ്യ കഥ പ്രസിദ്ധികരിക്കുകയും ചെയ്തു.

തുടർന്ന് ബാലകേരളം, ബാലമിത്രം, കുട്ടികളുടെ ദീപിക എന്നീ മാസികകളിൽ ധാരാളം കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു.1965 ൽ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ഒൻപതു മാസത്തോളം പരിശീലനം നേടി.

കൂടാതെ കേരളം ഭൂഷണം, ഭാവന, പൗരധ്വനി – എന്നീ മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റർ ആയി.

സ്വപ്നം കാണുന്ന സോമൻ, വയലിലെ ലില്ലി തുടങ്ങി അറുപതിൽപരം ബാല സാഹിത്യ രചനകൾ മലയാള ഭാഷയ്ക്ക് നൽകി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ൽ എൻ.ബി.എസ് ബുക്ക്സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടുകയും ചെയ്തു.

ഡിസി ബുക്ക്സ് സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധീകരിച്ച – കവിയമ്മവന്റെ ഗ്രാമത്തിൽ എന്ന രചന പിൽക്കാലത്തു ഹൃസ്വ സിനിമയായി നിർമ്മിക്കപ്പെട്ടിരുന്നു.

പതിനെട്ടു വയസ്സുള്ളപ്പോൾ അഖില കേരള ബാലജന സഖ്യത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ച പ്രാസംഗികനുള്ള സമ്മാനം നേടി.

തുടർന്ന് യൂത്ത് കോൺഗ്രസ് മത്സര വേദിയിലും തേവര കോളേജിൽ പഠിക്കുമ്പോൾ ഇന്റർ കോളീജിയറ്റ് മത്സരത്തിലും മികച്ച പ്രാസംഗികനുള്ള സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സുകുമാർ അഴിക്കോട് ,കെ.എം.തരകൻ , വേളൂർ കൃഷ്ണൻകുട്ടി, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയ സാഹിത്യ നായകന്മാരോട് അടുത്ത സഹവാസം പുലർത്താൻ ജോയനു കഴിഞ്ഞു.

ഓർത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയിൽ കുഞ്ചിച്ചായന്റെ കത്തുകൾ എന്ന പംക്തി ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇതു ജോയന് വളരെ പ്രസിദ്ധിയും സ്വീകാര്യതയും നേടിക്കൊടുത്തു.

റവ. ഡോ. കെ എം ജോർജ് , പൗലോസ് മാർ ഗ്രീഗോറിയോസ്, കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ്,. മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തുടങ്ങിയ സമുദായ നേതാക്കന്മാരോടും വളരെ അടുത്ത സംസർഗം കാത്തു സൂക്ഷിക്കാൻ ജോയൻ ശ്രദ്ധിച്ചിരുന്നു.

അനിതരസാധാരണമായ വാക്ചാതുരിയും, ചരിത്രത്തിലും, രാഷ്ട്രീയ- സാംസ്‌കാരിക – സാമുദായിക രംഗങ്ങളിലും ഉള്ള ആഴമേറിയ പരിജ്ഞാനവും ചുരുങ്ങിയ സമയം കൊണ്ട് ജോയനെ പൊതുജനങ്ങൾക്കിടയിൽ വലിയ സമ്മതിയുള്ള ആളാക്കി മാറ്റി. പ്രസിദ്ധമായ മാരാമൺ കൺവൻഷനിലും ജോയന്റെ പ്രസംഗം അലയടിച്ചു.

1980-ൽ അമേരിക്കയിൽ എത്തിയതിനു ശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസ്സുകളിൽ ജോയൻ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകൾ ജോയന്റെ പ്രസംഗം കേൾക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കേട്ടറിഞ്ഞ് എത്തുമായിരുന്നു.

ജോബോട്ട് ഇന്റർനാഷണൽ എന്ന പേരിൽ ന്യൂയോർക്കിൽ ആരംഭിച്ച പുസ്തക പ്രസാധക കമ്പനിയിലൂടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.