നായര്‍ സമുദായവുമായി യോജിപ്പിലെത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളെ വീണ്ടും തള്ളി എന്‍എസ്എസ്. മന്നത്തു പത്മനാഭനെ പുകഴ്ത്തുന്ന ദേശാഭിമാനി ലേഖനം ആരാധകരെ കൈയിലെടുക്കാനെന്ന് വിമര്‍ശനം. മന്നത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാരിന് ഇരട്ടത്താപ്പെന്നും, ആവശ്യമുള്ളപ്പോള്‍ മാത്രം നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുകയാണെന്നും ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു.

ശബരിമല യുവതി പ്രവേശനത്തില്‍ ഉള്‍പ്പെടെ ഇടഞ്ഞ് നിന്നിരുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് നാമജപ ഘോഷയാത്രയില്‍ വിശ്വസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനെ സ്വാഗതം ചെയ്ത് എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ മന്നത്തു പത്മനാഭനെ പ്രകീര്‍ത്തിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്.

ആവശ്യമുള്ളപ്പോള്‍ മാത്രമാണ് മന്നത്തു പത്മനാഭനെ സര്‍ക്കാര്‍ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുന്നത് എന്നാണ് എന്‍എസ്എസ് ഇതിനോട് പ്രതികരിച്ചത്. മന്നത്തിന്റെ ആരാധകരെ കൈയ്യിലെടുക്കാന്‍ ആണ് ദേശാഭിമാനി ലേഖനമെന്ന് ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2018ല്‍ ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ മന്നത്തിന്റെ പേര് ഒഴിവാക്കിയത് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. അന്ന് ബോധപൂര്‍വമായാണ് അവഗണന ഉണ്ടായതെന്ന് ആരോപണം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന എന്‍എസ്എസ് ശബരിമല വിഷയത്തില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്നു. അനുകൂല നടപടികള്‍ കൈക്കൊണ്ടിട്ടും നിലപാട് മാറ്റാത്ത എന്‍എസ്എസ് നേതൃത്വത്തോട്, ഇടത് മുന്നണിയുടെ തുടര്‍ന്നുള്ള പ്രതികരണമാണ് ഇനി അറിയേണ്ടത്.