ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ തയ്യാറാക്കുക ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ട്. മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സ്പിൻ പിച്ച് വ്യാപക വിമർശനം നേരിട്ടിരുന്നു. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിനു പിന്നാലെയാണ് ആരോപണങ്ങൾ കഴുകിക്കളയാൻ ബാറ്റിംഗ് പിച്ച് തയ്യാറാക്കാമെന്ന് ബിസിസിഐ തീരുമാനിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് ഒരു സമനില മാത്രമാണ്. നാലാമത്തെ ടെസ്റ്റിൽ പരാജയപ്പെട്ടാലേ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താവൂ. അതുകൊണ്ട് തന്നെ പിച്ച് ബാറ്റിംഗിന് അനുകൂലമാക്കുമെന്നാണ് സൂചന.

മാർച്ച് നാലു മുതലാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.

മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.