ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്ത് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ടയാളാണ്. കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതിനു ശേഷം നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം കളക്ടറായി. കോഴിക്കോട് പോലുള്ള പ്രധാനപ്പെട്ട സ്ഥലത്ത് അദ്ദേഹത്തെ നിയമിച്ചു. അതിനുശേഷം അദ്ദേഹം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി.

ഈ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തെളിവ് കിട്ടാന്‍ എനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നാല് താഴിട്ട് പൂട്ടിയാലും അവിടെ ഇരിക്കുന്ന രേഖ കിട്ടണമെങ്കില്‍ കിട്ടിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. ഒരു പ്രോജക്ടില്‍ ഒപ്പിടുമ്പോള്‍ അത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് എങ്ങനെയാണ്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അവകാശമില്ല.

എന്‍. പ്രശാന്ത് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഒരു രേഖയും ചോര്‍ത്തി തന്നിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കണം. എന്റെ ഓഫീസില്‍ നിന്ന് എന്‍. പ്രശാന്തിനെ വിളിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കണം. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. പട്ടിണിയിലേക്ക് മത്സ്യത്തൊഴിലാളികളെ തള്ളിവിടുന്ന കരാറാണ് പ്രതിപക്ഷം പൊളിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.