വാഷിങ്ടൻ ∙ സ്വയരക്ഷക്കോ, അത്യാവശ്യ സന്ദർഭങ്ങളിലോ അല്ലാതെ മിലിട്ടറിയെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റർമാർ രംഗത്ത്. ഫെബ്രുവരി 25 വ്യാഴാഴ്ച ഈസ്റ്റേൺ സിറിയയിൽ ഇറാൻ പിന്തുണയുള്ള മിലിട്ടൻസിനെതിരെ നടത്തിയ അമേരിക്കൻ വ്യോമാക്രമണം മുകളിൽ ഉദ്ധരിച്ച രണ്ടു സാഹചര്യങ്ങളിലും അല്ലായിരുന്നുവെന്നാണു വെർജീനിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്‍ൽ അഭിപ്രായപ്പെട്ടത്.

ഇതിനെ പിന്തുണച്ചു കലിഫോർണിയായിൽ നിന്നുള്ള ഡെമോക്രാറ്റിക് ഹൗസ് അംഗം റൊ ഖന്നയും പ്രസ്താവനയിറക്കിയിരുന്നു. ആദ്യമായി പ്രസിഡന്റ് ബൈഡൻ അമേരിക്കൻ മിലിട്ടറിയെ ഉപയോഗിച്ചതിനുള്ള ന്യായീകരണവും ഇവർ ആവശ്യപ്പെട്ടു. ഒഫൻസീവ് മിലിട്ടറി ആക്ഷൻ ആവശ്യമെങ്കിൽ കോൺഗ്രസ്സിനെ ബോധ്യപ്പെടുത്തിയിട്ടു മാത്രമേ നടപ്പാക്കാനാവൂ എന്നാണു ഭരണഘടന വിവക്ഷിക്കുന്നത്. അതിനു സാധ്യമല്ലെങ്കിൽ സൈനിക നടപടികൾ പൂർത്തിയായ ഉടനെ കോൺഗ്രസിനെ അറിയിക്കേണ്ടതുണ്ടെന്നും സെനറ്റർമാർ പറഞ്ഞു.

അതേ സമയം, സെനറ്റർ ബെർണി സാന്റേഴ്സ് പ്രസിഡന്റ് ബൈഡന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള അധികാരത്തെ ചോദ്യം ചെയ്തു. അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിനാവശ്യമായ സൈന്യത്തെ ഉപയോഗിക്കണമെങ്കിൽ പോലും അതിനുള്ള അധികാരം പ്രസിഡന്റിനില്ല, കോൺഗ്രസ്സിനാണെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നും ബെർണി ചൂണ്ടിക്കാട്ടി. ബൈഡന്റെ സിറിയൻ ആക്രമണം വലിയൊരു വിവാദത്തിലേക്കാണു വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്.