ഡാലസ് ∙ നോർത്ത് ടെക്സസിലെ ഡാലസ് ഉൾപ്പെടെയുള്ള നാലു സുപ്രധാന കൗണ്ടികളിൽ ഫെബ്രുവരി 26 വെള്ളിയാഴ്ച മാത്രം 45 പേർ കോവിഡ് 19 മൂലം മരിക്കുകയും 2299 പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ലോക്കൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റും സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റും സംയുക്തമായി അറിയിച്ചു.

ഡാലസ് കൗണ്ടിയിൽ മരണം 19, രോഗം സ്ഥിരീകരിച്ചവർ 726. ടെറന്റ് കൗണ്ടിയിൽ മരണം 23, രോഗം സ്ഥിരീകരിച്ചവർ 589. ഡന്റൻ കൗണ്ടിയിൽ മരണം 0, രോഗം സ്ഥിരീകരിച്ചവർ 526. കോളിൻ കൗണ്ടിയിൽ മരണം 4, രോഗം സ്ഥിരീകരിച്ചവർ 458.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഡാലസ് കൗണ്ടിയിൽ മാത്രം 3495 പേർക്കു രോഗം സ്ഥിരീകരിച്ചു. 150 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 മാർച്ചിനുശേഷം ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,79,834 ഉം മരണം 2,941 മാണ്, 2,63,542 പേർ രോഗ വിമുക്തി നേടി. ഇപ്പോൾ കൗണ്ടിയിൽ 13,351 പേർ രോഗികളായി കഴിയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയിൽ ഡാലസ് കൗണ്ടിയിൽ പ്രതിദിനം 499 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ശരാശരി ഓരോ ദിവസവും 21 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡാലസ് കൗണ്ടി ഉൾപ്പെടെയുള്ള നോർത്ത് ടെക്സസ് കൗണ്ടികളിൽ കോവിഡ് വാക്സിൻ നൽകുന്നതു പുരോഗമിക്കുകയാണ്.