ഫ്രിമോണ്ട് ∙ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി അഥർവ് ചിഞ്ചുവഡക്കയെ(19) കണ്ടെത്താൻ ഫ്രിമോണ്ട് പൊലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു.

ഞായറാഴ്ച വൈകിട്ടാണ് അഥർവിനെ അവസാനമായി മാതാപിതാക്കൾ കാണുന്നത്. വീട്ടിൽ നിന്നു ഡോഗ് ഫുഡ് വാങ്ങാൻ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗൺ കണ്ണുകളും ഉള്ള അഥർവ് ധരിച്ചിരുന്നത് മഞ്ഞ ടീഷർട്ടും ഗ്രേ ട്രാക്ക് പാന്റ്സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെൻസ് പ്ലേറ്റ് നമ്പർ 6JVD754 വാഹനത്തിലാണ് അഥർവ് പുറത്തേക്കു പോയത്.

സാന്റാക്രൂസിലെ കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സ്വയം അപ്രത്യക്ഷമായതാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നും പൊലീസ് പറയുന്നു.

പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥർവിനെകുറിച്ചു വിവരം ലഭിക്കുന്നവർ ഫ്രിമോണ്ട് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ (510 790 6800) നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.