വാഷിങ്ടൻ‌ ∙ 2024 ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപ് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തെ പൂർണ്ണമായും പിന്തുണക്കുമെന്ന് യുഎസ് സെനറ്റ് മൈനോറട്ടി നേതാവും റിപ്പബ്ലിക്കൻ പാർട്ടി സീനിയർ നേതാവുമായ മിച്ച് മെക്കോണൽ വ്യക്തമാക്കി.

ജനുവരി 6ന് കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ഇംപീച്ച്മെന്റ് അതിജീവിച്ചാൽ പോലും സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ട്രംപിനാണെന്നും ട്രംപിനെതിരെ കോടതിയിൽ ക്രിമിനൽ കേസ്സുണ്ടാകുമെന്നും പരസ്യമായി പ്രസ്താവിച്ച വ്യക്തിയാണ് മിച്ച് മെക്കോണൽ. എന്നാൽ യുഎസ് സെനറ്റിൽ ട്രംപിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു വോട്ടു ചെയ്ത സെനറ്റർമാരിൽ മിച്ചു മെക്കോണലും ഉൾപ്പെട്ടിരുന്നു. മിച്ച് മെക്കോണിലിനെ ട്രംപും നിശിതമായി വിമർശിച്ചിരുന്നു.

മിച്ച് മെക്കോണൽ ഫെബ്രുവരി 25 വ്യാഴാഴ്ച നടത്തിയ ഈ പ്രസ്താവനയോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത നിലയിലേക്കു എത്തിച്ചേർന്നിട്ടുണ്ട്.

2012 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് നോമിനിയായിരുന്ന മിറ്റ് റോംനി (യുട്ട സെനറ്റർ) പോലും ട്രംപിന്റെ സ്ഥാനാർത്ഥിത്വം പ്രവചിച്ചിട്ടുണ്ട്. രണ്ട് ഇംപീച്ച്മെന്റ് സന്ദർഭങ്ങളിലും ട്രംപിനെതിരെ വോട്ടു ചെയ്യുകയും, ട്രംമ്പിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് മിറ്റ് റോംനി. ഞായറാഴ്ച ഒർലാന്റോയിൽ നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് കഴിയുന്നതോടെ ട്രംപിന്റെ സ്ഥാനാർഥിത്വം എവിടെ നിൽക്കുന്നുവെന്നു വ്യക്തമാകും.