ചങ്ങനാശ്ശേരി : സംസ്ഥാനസര്‍ക്കാരിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണലേഖനം തള്ളിയാണ് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. സി.പി.എമ്മിന്റെ സമുന്നതനേതാവായ എ.കെ.ജിക്കൊപ്പം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ മന്നത്ത് പത്മനാഭനും സ്ഥാനം നല്കിയുള്ള ലേഖനം ചര്‍ച്ചയായിരുന്നു.

ഗുരുവായൂര്‍ സത്യാഗ്രഹം കേരളനവോത്ഥാനചരിത്രത്തിലെ നാഴികകല്ലാണ്. സത്യാഗ്രഹകമ്മിറ്റിയുടേയും പ്രചാരണകമ്മിറ്റിയുടേയും നായകനായി തിരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാല്‍, ഗുരുവായൂര്‍ സത്യാഗ്രഹസ്മാരകം 2018 മെയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തിനെ ഓര്‍മ്മിക്കാനോ സ്മാരകത്തില്‍ പേരുവെയ്ക്കാനോ തയ്യാറാകാത്തിരുന്നത് അധാര്‍മ്മികവും ബോധപൂര്‍വ്വവുമായ അവഗണനയാണ്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തിനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ അനുയായികളെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നു. അതേസമയം തന്നെ അവസരം കിട്ടുമ്ബോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനം. സത്യാഗ്രഹ സ്മാരകത്തില്‍ മന്നത്തിന്റെ പേര്‌ ഒഴിവാക്കിയതും ഈ ലേഖനവും ഇടതുപക്ഷസര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇത് എന്‍.എസ്.എസും മന്നത്തിന്റെ അനുയായികളും തിരിച്ചറിയുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈര്യത്തിന്റെ ഉറവിടം എന്തെന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു – സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുരഞ്ജനപാത സ്വീകരിക്കാന്‍ സി.പി.എം തയ്യാറായ പശ്ചാത്തലത്തിലാണ് ‘ നവോത്ഥാന പ്രസ്ഥാനവും മന്നത്ത് പത്മനാഭനും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നവോത്ഥാന സമരത്തില്‍ മന്നത്തിന്റെ സംഭാവനകളെ ചെറുതാക്കി കാണാന്‍ ആരും ഇഷ്ടപ്പെടില്ല. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശ സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ.ജി നയിച്ച്‌ ജാഥ വിജയിപ്പിക്കുന്നതില്‍ മന്നം വഹിച്ച പങ്ക് വലുതായിരുന്നു. കെ. കേളപ്പനും സുബ്രഹ്മണ്യന്‍ തിരുമുമ്ബും എ.കെ.ജിയും ഉള്‍പ്പെടെയുള്ളവര്‍ വടക്കന്‍ കേരളത്തില്‍ നിന്നായിരുന്നുവെങ്കില്‍ മന്നത്ത് പത്മനാഭന്‍ തെക്കന്‍ കേരളത്തില്‍ നിന്നായിരുന്നു- ലേഖനത്തില്‍ പറയുന്നു.

തെക്കന്‍ കേരളമെന്നും വടക്കന്‍ കേരളമെന്നും വിഭജിച്ച്‌ രാഷ്ട്രീയ സമസ്യയുണ്ടാക്കാനാണ് ലേഖനം ശ്രമിക്കുന്നത്. രാഷ്ട്രീയപരമായ ഈ വിഭജനം ഇടതിനനുകലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ ചരിത്രമറിയുന്നവര്‍ ഇത്തരം ജല്പനങ്ങളെ തള്ളുകയേയുള്ളുവെന്നും നവോത്ഥാനകാലത്ത് മന്നത്ത് പത്മനാഭന്‍ നയിച്ച സമരങ്ങളെക്കുറിച്ചറിയുന്ന അനുയായികള്‍ക്ക് ഇതിന്റെ പിന്നിലെ ചേതോവികാരം മനസിലാക്കാനാവുമെന്നും ജി.സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനം സുകുമാരന്‍ നായര്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും സര്‍ക്കാറിന്റെ ഇപ്പോഴുള്ള മനംമാറ്റം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കസര്‍ത്താണെന്ന് ആക്ഷേപമുന്നയിച്ചിരുന്നു. സി.എ.എ വിരുദ്ധസമരത്തേയും ശബരിമലയിലെ യുവതിപ്രവേശനവിരുദ്ധസമരത്തേയും ഒരേപോലെ നോക്കിക്കാണുന്ന സര്‍ക്കാര്‍ നിലപാടിനെ ശക്തമായ ഭാഷയില്‍ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.