തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. തിരുവനന്തപുരത്താണ് സംഭവം. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റി‍നാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തീ പിടിച്ചത്. വന്‍ അപകടമാണ് ഒഴിവായത്.

തമ്ബാനൂര്‍ ബസ് ടെര്‍മിനല്‍ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെ‍ത്തിയപ്പോള്‍ ബസിന്റെ മുന്‍വശത്തെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ബഹളം കൂട്ടി, വിവരം ഡ്രൈവറെ അറിയിച്ചത്. തുടര്‍ന്ന് ബസ് നിര്‍ത്തുകയായിരുന്നു.

വിവരമറിഞ്ഞ് ബസിലെ യാത്രക്കാര്‍ പരിഭ്രാന്തരായി, ജനാല വഴി പുറത്തേക്ക് ചാടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗം പൂര്‍ണമായി കത്തി നശിച്ചു. അടുത്തുള്ള കടയില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെത്തി‍ച്ചു നാട്ടുകാര്‍ തീ അണച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണഞ്ഞെ‍ന്നു സ്ഥിരീകരിച്ചു.

ബസിന്റെ ബാറ്ററി‍യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസിലെ യാത്രക്കാര്‍ക്കായി പകരം ബസും ഏര്‍പ്പെടുത്തി. അന്വേഷണം നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.