കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

ചെങ്കോട്ട സംഘര്‍ഷത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. മുഖ്യപ്രതിയും നടനുമായ ദീപ് സിദ്ദുവിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്ന് ചന്ദ്രശേഖര്‍ ആസാദ് രക്തസാക്ഷി ദിനമായും കര്‍ഷകരുടെയും തൊഴിലാളികളുടെയും ഏകതാ ദിവസമായും ആചരിക്കും.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകള്‍ ഓരോന്നിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് ഇന്ന് രാജസ്ഥാനിലെ ബിക്കനീറിലും, ചിറ്റോര്‍ഗഡിലും കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുതിര്‍ന്ന നേതാക്കളും അടക്കം കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുക്കും. കടം തുടങ്ങിയ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ വിധവകള്‍ക്കായി ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗര്‍ ജാമ്യത്തിലിറങ്ങി. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്നും ഉടന്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേരുമെന്നും നോദീപ് കൗര്‍ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.