തിരുവനന്തപുരം: സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്പള
പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവന്‍സ് അടക്കം കുടിശിക നല്‍കുമെന്ന്
ഉത്തരവില്‍ പറയുന്നു. 2017 മുതലുള്ളത് നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം.

ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അലവാന്‍സുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡോക്ടര്‍മാര്‍ നേരത്തെ സമരം നടത്തിയിരുന്നു. ശമ്പളം വര്‍ധിപ്പിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 10 ന് സമരം പിന്‍വലിച്ചത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ നിമിഷങ്ങള്‍ക്കകമാണ് വേതനം വര്‍ധിപ്പിച്ചുള്ള ഉത്തരവ് പുറത്ത് വന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.