മഹാരാഷ്ട്രയിലെ ഉയർന്ന കൊവിഡ് വ്യാപനം മൂലം ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റാൻ സാധ്യത. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയാണ് മറ്റെവിടേക്കെങ്കിലും മാറ്റാൻ ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 8000ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ഇത് 1100 ആയിരുന്നു. ഇത്തരത്തിൽ കൊവിഡ് ബാധ വർധിക്കുന്നത് പരമ്പരയ്ക്ക് ഭീഷണി ആയേക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.

മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.